photo
പുത്തൂർ ടൗണിലെ ഓട നിർമ്മാണം

പുത്തൂർ: പുത്തൂരിൽ ഓടകളുടെ പുനർനിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ ഇല്ലാത്തവിധം കൂടുതൽ ജാഗ്രതയോടെയാണ് നിർമ്മാണം. പടിഞ്ഞാറെ ജംഗ്ഷൻ മുതൽ ചേരിയിൽ ക്ഷേത്രത്തിന് സമീപം വരെയുള്ള ഓടയുടെ മൂടികൾ മുഴുവൻ ഇളക്കി മാറ്റി. മണ്ണും മാലിന്യവും നിറഞ്ഞുകിടന്ന ഓട പൂർണമായും വൃത്തിയാക്കുകയാണ്. ചില ഭാഗങ്ങളിൽ ആഴം കൂട്ടുന്നുണ്ട്. ഓടയിലേക്ക് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളും മറ്റും നീക്കം ചെയ്യുന്നുണ്ട്.

പരാതികൾ ചർച്ച കേട്ട് എം.എൽ.എ

കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ഗ്രാമപഞ്ചായത്ത് ഭാരവാഹികളും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതികളും ചർച്ച ചെയ്തു. വെള്ളം കൊള്ളി ഏലായിലേക്ക് മാലിന്യം ഒഴുകിയിറങ്ങുന്നതിന്റെ പരാതികൾക്കും പരിഹാരം കാണും. ഓടയിലേക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ മാലിന്യങ്ങൾ എത്തിച്ചേരുന്നതിന് തടയിടും. സെപ്ടിക് ടാങ്ക് മാലിന്യം ഉൾപ്പടെ ഒഴുക്കിവിടുന്നുവെന്ന് വ്യാപക പരാതികളുണ്ട്.

ഗതാഗത തടസം

ചന്തയിലെ മലിന ജലം ഓടയിലൂടെ ഒഴുകുന്നുണ്ടെങ്കിലും ചന്ത നവീകരിക്കുന്നതോടെ ഇതിന് പരിഹാരമാകും. ഓടയുടെയും കലുങ്കുകളുടെയും നിർമ്മാണം നടക്കുന്നതിനാൽ പുത്തൂർ ടൗണിൽ വലിയ തോതിൽ ഗതാഗത തടസം ഉണ്ടാകുന്നുണ്ട്. നിർമ്മാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ചേരിയിൽ ഭാഗത്തും ആലയ്ക്കലിലും കലുങ്കുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്.