adichanallor

കൊല്ലം: കൊവിഡ് കാലത്ത് പൂട്ടു വീണ ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതിയുടെ ശനിദശ മാറുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ബോട്ടുകളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുക്കുന്നു. 2018ൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താരംഭിച്ച ടൂറിസം പദ്ധതി രണ്ട് വർഷം പ്രവർത്തിച്ചു. ഗ്രാമ പഞ്ചായത്തിന് വരുമാനവും ലഭിച്ചു. കൊവിഡ് കാലത്ത് അടച്ചു പൂട്ടിയ പദ്ധതി നിയന്ത്രണങ്ങൾ മാറി ഒരു വർഷം കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ നടപടിയില്ല. ആദിച്ചനല്ലൂർ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ഏറ്റവും വലിയ ജലശ്രോതസാണ് 28 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ചിറ. വേനൽക്കാലത്ത് നാല് വാർഡുകളിലെ കിണറുകളിൽ ജലശ്രോതസ്സ് നിലനിർത്തുന്നതിലും ആദിച്ചനല്ലൂർ, പാങ്ങോട് പാടശേഖരങ്ങളിൽ കൃഷിക്ക് ജലം ലഭ്യമാകുന്നതിനും ചിറ വലിയ പങ്ക് വഹിക്കുന്നു. മഴക്കാലത്ത് ചെറുതോടുകളിൽ നിന്നൊഴുകിയെത്തുന്ന വെളളവും കല്ലട ജല പദ്ധതിയിൽ നിന്ന് പൈപ്പ് മാർഗമെത്തുന്ന വെളളവുമാണ് ചിറയിലെ ജലശ്രോതസ് നിലനിർത്തുന്നത്. പായലും മാലിന്യവും മൂടി ഉപയോഗ ശ്യൂന്യമായിക്കിടന്ന ചിറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച് കുട്ടികളുടെ പാർക്കും ബോട്ട് സർവീസുകളുമാരംഭിച്ച് ടൂറിസം പദ്ധതിക്കായി ഒരുക്കുകയായിരുന്നു. ടൂറിസം വകുപ്പിന്റെ ഫണ്ടും ലഭിച്ചു. പദ്ധതിയുടെ നടത്തിപ്പിന് പ്രതിമാസം 550 രൂപ വാടക നിരക്കിൽ 5 വർഷത്തേക്ക് കരാറും നൽകി. പ്രതിവർഷം അഞ്ച് ശതമാനം തുക വാടക വർദ്ധിപ്പിക്കാനും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധികൾ മാറി സംസ്ഥാനത്തെ ടൂറിസം മേഖല ഉണർന്നിട്ടും രണ്ട് വർഷം ലാഭകരമായി പ്രവർത്തിച്ച ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതി പുനരാരംഭിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുന്നില്ല.

................................................................

ടൂറിസം പദ്ധതിക്കായി ചിലവഴിച്ചത്- 63 ലക്ഷം.

ബോട്ടുകൾ- 2 (4 പേർക്കും 2 പേർക്കും കയറാവുന്നത്)

ചിറയിൽ വീണ്ടും പായലും ചെളിയും നിറയുന്നു.

...............................

'പദ്ധതി നിലച്ചത് നാടിന്റെ വികസനത്തെ ബാധിച്ചു. എത്രയും വേഗം ചിറയിൽ ടൂറിസം പ്രവർത്തനം പുനരാരംഭിക്കണം

എം.സുഭാഷ്

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

........................................

'പദ്ധതി കരാറെടുത്തയാൾ ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിച്ചു പോയി.

വീണ്ടും ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും കരാർ എടുത്തില്ല. ഓപ്പൺ ജിംനേഷ്യവും കുട്ടികളുടെ പാർക്കും ആരംഭിച്ച് ടൂറിസം പദ്ധതി സജീവമാക്കാനുളള ശ്രമത്തിലാണ്.

ആർ.സാജൻ

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.