amritha

കൊല്ലം: ജീവിതമാകുന്ന പാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ അർദ്ധസ്വപ്‌നത്തിലെന്നപോലെയാണ് കർമ്മങ്ങൾ ചെയ്യുന്നതെന്നും സ്വന്തം ജീവിതത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന വിടവുകളും വേർതിരിവുകളുമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. 69-ാം പിറന്നാൾ ദിനമായ ഇന്നലെ അമൃതപുരിയിലെ ആശ്രമത്തിൽ ഭക്തരോട് സംസാരിക്കുകയായിരുന്നു അമ്മ. സുഖവും സൗഭാഗ്യവുമെല്ലാം ഈശ്വരന്റെ ദാനമാണ്. യഥാർത്ഥ പ്രേമം ഉണ്ടെങ്കിലേ ഈശ്വരനും പ്രകൃതിയും മനുഷ്യനിൽ അനുഗ്രഹം ചൊരിയുകയുള്ളൂ.

മാതാ അമൃതാനന്ദമയി ദേവിയെ ദർശിക്കാൻ പതിനായിരങ്ങളാണ് ഇന്നലെ അമൃതപുരിയിലെത്തിയത്. എല്ലാ ഭക്തരുടെയും നെറുകയിൽ തൊട്ട് അമ്മ അനുഗ്രഹിച്ചു.

ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു പിറന്നാളാഘോഷം. രാവിലെ 5 മുതൽ അമൃതപുരി ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥന ആരംഭിച്ചു. ലളിത സഹ്രസനാമാർച്ചന, ഗണപതി ഹോമം, നവഗ്രഹ ഹോമം, മൃത്യുഞ്ജയ ഹോമം, സത്സംഗം, പാദപൂജ, ഭജന, വിശ്വശാന്തി പ്രാർത്ഥന എന്നിവ നടന്നു.

മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തിൽ പാദുക പൂജയും നടന്നു. തുടർന്ന് പ്രസാദവിതരണവും ഉണ്ടായിരുന്നു.