പരവൂർ :പൂതക്കുളം പാണാട്ടു ചിറയുടെ കൈത്തോട്ടിൽ മീനുകൾ ചത്തുപൊങ്ങുന്നു. ബുധാഴ്ചയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടു.ഒരു മാസം മുൻപ് പാണാട്ടു ചിറയിലും ദിവസങ്ങളോളം നൂറുകണക്കിന് മീനുകൾ ചത്തുപൊങ്ങിയിരുന്നു .എന്നാൽ ഇതിന്റെ കാരണങ്ങൾ കണ്ടത്താനുള്ള ശ്രമങ്ങൾ പഞ്ചായത്തധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല.വെള്ളത്തിനു മുകളിലേക്കു വരുന്ന മീനുകളിൽ മുറിവുകളും രക്തം പൊട്ടിയൊഴുകുന്നതും കാണുന്നതായി പ്രദേശവാസികൾ പറഞ്ഞു.തോട്ടിൽ മാലിന്യ നിക്ഷേപവും വ്യാപകമാണ്.ചാക്കുകളിലാക്കിയാണ് ചിറയിലും തോട്ടിലും മാലിന്യം തള്ളുന്നത്. അസ്വാഭാവികമായി മീനുകൾ ചത്തിട്ടും സി.സി ടി.വികൾ ഉണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന പരാതിയുണ്ട്. ഡി.വൈ.എഫ്.ഐ നോർത്ത് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യവും ചത്ത മീനുകളെയും നീക്കം ചെയ്തു .മീനുകൾ ചത്തുപൊങ്ങുന്നതിനെ സംബന്ധിച്ച് അന്വഷിക്കണമെന്നും മാലിന്യം തള്ളുന്നവരുടെ പേരിൽ കേസെടുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റിയംഗം എ.എസ്സ്.ശ്രീജിത്ത്, വില്ലേജ് സെക്രട്ടറി ശരൺകുമാർ, അഭിജിത്ത്, വിഷ്ണു, വിഷ്ണുദാസ്, ജി.ബിജു എന്നിവർ നേതൃത്വം നൽകി .