ശാസ്താംകോട്ട: കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഇതിനെതിരായ ഇടത് മുന്നണി സമരം തട്ടിപ്പാണന്നും ആറ് വർഷം ഭരിച്ച പിണറായി സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ കെട്ടുറപ്പിനും ക്ഷേമത്തിനും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും ക്ഷേമനിധിയും പി.എ.ഫും , ഇ.എസ്.ഐയും നടപ്പിലാക്കണമെന്ന ആവശ്യത്തിന് അനുകൂലമായ നിലപാട്
ഇടത് സർക്കാർ ഇതുവരേയും സ്വീകരിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നടപടി അവസാനിപ്പിക്കുക, ഒരേ സമയം പഞ്ചായത്തിൽ 20 തൊഴിൽ ദിനങ്ങൾ മതിയെന്ന തീരുമാനം പുന:പരിശോധിക്കുക, വെട്ടി കുറച്ച തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ശാസ്താംകോട്ട ഹെഡ് പോസ്‌റ്റാഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ജനറൽ സെക്രട്ടറിയും നിയോജ കമണ്ഡലം പ്രസിഡന്റുമായ വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എം.വി.ശശികുമരൻ നായർ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ജോസ് വിമൽ രാജ്, തടത്തിൽ സലിം, പി.എം.സെയ്ദ് , കണ്ണമം ശ്രീകുമാർ ,ബിനു മംഗലത്ത്, ഉമാദേവിപിള്ള , ഹരികുമാർ കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു. ട്രഷറിയുടെ മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിന് വിനോദ് വില്ല്യത്ത്, ബി. ത്രിഥീപ് കുമാർ, റെജി കുര്യൻ, പി.കെ.രവി ,ബിജു രാജൻ, സന്തോഷ് പഴവറ, ഐ.ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.