കൊല്ലം: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. മയ്യനാട് തട്ടാമല ഓലിക്കര വയൽ ഷംനാദിനെയാണ് (26) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 11ന് വൈകിട്ട് 6.30ന് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാൾ കൈയിൽ കരുതിയിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ തടയാൻ ശ്രമിക്കുകയും ഇയാളുടെ ആക്രമണത്തിൽ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയായ ഷംനാദിനെ പിടികൂടുകയായിരുന്നു.