
കൊല്ലം: ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 25 ഓളം സ്ത്രീകളെ കാണാതായ കേസുകൾ പുനരന്വേഷിക്കാൻ തീരുമാനം. റൂറൽ മേഖലയിൽ പതിനെട്ടും സിറ്റിയിൽ ഏഴും കേസുകളാണ് വീണ്ടും അന്വേഷിക്കുക.
റൂറൽ, സിറ്റി പൊലീസ് മേഖലകളിൽ പ്രത്യേക യോഗം ചേർന്ന് അന്വേഷണത്തിന് രൂപരേഖ തയ്യാറാക്കി. സിറ്റി പൊലീസ് കമ്മിഷണറും റൂറൽ എസ്.പി എസ്.ബി.രവിയും നേതൃത്വം നൽകി. സിറ്റിയിൽ കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ്, ചവറ തുടങ്ങിയ സ്റ്റേഷനുകളിൽ ലഭിച്ച പരാതികൾ വീണ്ടും പരിശോധിക്കും. നിലവിലുള്ള എസ്.എച്ച്.ഒമാർക്കാവും അന്വേഷണ ചുമതല. പഴയ സംഭവങ്ങളായതിനാൽ നിലവിലുള്ള ഓഫീസർമാർക്ക് കേസുകളെപ്പറ്റി വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ കേസ് ഫയലുകൾ പഠിച്ച് പഴുതടച്ചുള്ള അന്വേഷണമാവും നടത്തുക.
റൂറലിൽ കൊട്ടാരക്കര, കടയ്ക്കൽ, ശൂരനാട്, ചടയമംഗലം, അഞ്ചൽ സ്റ്റേഷനുകളിലാണ് മിസിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 20 മുതൽ 75 വയസ് വരെ പ്രായമായ സ്ത്രീകളാണ് കാണാതായിരിക്കുന്നത്. ഇവരുടെ അടുത്ത ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രണ്ട് യുവാക്കളെ കാണാതായ സംഭവവും പുനരന്വേഷിക്കും. പൂയപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 19 കാരനായ തൗഹാൻ, കണ്ടറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 24 കാരനായ നന്ദു എന്നിവരുടെ മിസിംഗ് കേസുകളാണ് പുനരന്വേഷിക്കുക.