bindhu
കോർപ്പറേഷൻ ഓഫീസിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന കുടുംബശ്രീ അംഗങ്ങളെ എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ സന്ദർശിച്ചപ്പോൾ

 പിന്തുണയുമായി അഡ്വ.ബിന്ദുകൃഷ്ണ

കൊല്ലം: ആലാട്ട്കാവ് ഡിവിഷനിലെ പൊൻപുലരി കുടുംബശ്രീ യൂണിറ്റിൽ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ ഓഫീസിന് മുന്നിൽ മൂന്ന് കുടുംബശ്രീ അംഗങ്ങൾ നടത്തിവരുന്ന രാപ്പകൽ സമരം മൂന്ന് നാൾ പിന്നിട്ടു.

കുടുംബശ്രീ യൂണിറ്റുകളുടെ മറവിൽ ബാങ്ക് അക്കൗണ്ടുകളിലൂടെ സി.പി.എം നേതാക്കന്മാർ നടത്തുന്ന തട്ടിപ്പുകൾ വ്യാപകമാവുകയാണെന്ന് സമരം നടത്തുന്ന സ്ത്രീകളെ സന്ദർശിച്ച ശേഷം എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ ആരോപിച്ചു. കാവനാട് ആലാട്ടുകാവ് പൊൻപുലരി അയൽക്കൂട്ടം കുടുംബശ്രീ യൂണിറ്റിന്റെ മറവിൽ നടന്ന പണം ഇടപാടുകളിലെ തട്ടിപ്പുകളാണ് ഒടുവിൽ പുറത്തുവരുന്നത്. കുടുംബശ്രീ യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണ ഇടപാടുകളെന്ന് സംശയിക്കുന്ന തരത്തിലുള്ള ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സി.പി.എം നേതാക്കന്മാർ അനധികൃതമായി നടത്തിയിരിക്കുന്നത്.

തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടും അന്വേഷണം നടത്താൻ കോർപ്പറേഷൻ അധികാരികൾ തയ്യാറാകാത്തതും പരാതി നൽകിയ യൂണിറ്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയതും ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം. സഞ്ജീവ് കുമാർ, കൃഷ്ണവേണി ജി.ശർമ്മ, കോർപ്പറേഷൻ കൗൺസിലർ കുരുവിള ജോസഫ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.