
കൊല്ലം: മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വാഹനാപകടത്തിൽ മരിച്ച കേസിലെ സാക്ഷിയായ ലോക്കൽ കമ്മിറ്റിയംഗം കൂറുമാറിയതിനെ തുടർന്ന് കുലശേഖരപുരത്ത് സി.പി.എമ്മിൽ വിവാദം ആളിക്കത്തുന്നു.
2014 ഡിസംബർ 3ന് വവ്വാക്കാവിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ കുലശേഖരപുരം നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സി.പി.ഉണ്ണി മരിച്ചു. കുലശേഖരപുരത്തെ പാർട്ടിയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനവും ചെയ്തു. വാഹനാപകടക്കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. കേസിലെ വാദി ഭാഗം മൂന്നു സാക്ഷികളുടെ വിസ്താരം പൂർത്തിയായി. അവരെ സ്വാധീനിക്കാൻ പ്രതി ഭാഗം ശ്രമിച്ചെങ്കിലും അവർ അവരുടെ മൊഴിയിൽ ഉറച്ച് നിന്നു. എന്നാൽ, കേസിലെ നാലാം സാക്ഷിയും ലോക്കൽ കമ്മിറ്റി അംഗവുമായ വ്യക്തി വിസ്താരത്തിനിടയിൽ കൂറുമാറിയതാണ് പാർട്ടിയിൽ പുതിയ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. വാദിഭാഗം സാക്ഷി കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകുകയായിരുന്നു. പ്രതിയെ അറിയില്ല എന്നാണ് വാദിഭാഗം സാക്ഷി കോടതിയിൽ പറഞ്ഞത്. എൻ. എസിന്റെ കുടുംബം ലൈബ്രറിക്ക് നൽകിയ ഭൂമി മറിച്ച് വിറ്റത് നേരത്തെ പാർട്ടിയിൽ വിവാദമായിരുന്നു. ഇത് ഉൾപ്പടെ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുന്ന കുലശേഖരപുരത്തെ പാർട്ടിക്ക് പുതിയ വിവാദം തലവേദനയായിരിക്കുകയാണ്.