 ബി.ജെ.പി കൗൺസിലറുടെ വാരിയെല്ലിന് പരിക്ക്

കൊല്ലം: ആലാട്ടുകാവ് ഡിവിഷനിലെ പൊൻപുലരി കുടുംബശ്രീ യൂണിറ്റിൽ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് രാപ്പകൽ സമരം നടത്തിയ നാല് സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ കോൺഗ്രസ് - ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മുക്കാൽ മണിക്കൂറോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

മൂന്ന് ദിവസമായി സമരം നടത്തിവന്ന സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിനിടെ മർദ്ദനമേറ്റ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷിന് പൊലീസ് സ്റ്റേഷനിൽ വച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് നേരിയ പൊട്ടലേറ്റിട്ടുണ്ട്.

രാത്രിയിലും സമരം ചെയ്യുന്ന തങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സമരക്കാരായ സ്ത്രീകൾ കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നു. പക്ഷെ അനുവദിച്ചില്ല. ഇതിനിടെ സമരക്കാർ ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന അഭ്യൂഹം പരന്നു. ഇതോടെ കാവലിന് വനിതാ പൊലീസെത്തി. ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആലോചന തുടങ്ങിയതോടെ ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചു.

സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി മേയറുമായും ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അടക്കമുള്ള ബി.ജെ.പി നേതാക്കളുമായും ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പായില്ല. ഇതിനിടെ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി.

ഇരുകൂട്ടരും കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മുദ്രാവാക്യം മുഴക്കി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പ്രതിഷേധം അര മണിക്കൂർ പിന്നിട്ടതോടെ പൊലീസ് കോൺഗ്രസുകാരെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നീട് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തുനിൽപ്പുണ്ടായി. ഒടുവിൽ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. റോഡിൽ കിടന്ന് പൊലീസ് വാഹനവും തടഞ്ഞു. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ അവിടെയും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായെത്തി. ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്.

ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, എൻ.ഉണ്ണിക്കൃഷ്ണൻ, എം.എം.സഞ്ജീവ്കുമാർ, ആദിക്കാട് മധു, കൃഷ്ണവേണി ശർമ്മ, കോൺഗ്രസ് കൗൺസിലർമാരായ കുരുവിള ജോസഫ്, സുനിൽ, ഹംസത്ത് ബീവി, സുമി, മണ്ഡലം പ്രസിഡന്റുമാരായ പാലത്തറ രാജീവ്, മോഹൻബോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് സമരം.

ബി.ജെ.പി ജില്ലാ പ്രസിഡന്റിന് പുറമേ ജില്ലാ വൈസ് പ്രസിഡന്റ് ശശികല റാവു, ജില്ലാ കമ്മിറ്റി അംഗങ്ങളായ മണലിൽ സന്തോഷ്, കൗൺസിലർമാരായ ടി.ജി.ഗിരീഷ്, ടി.ആർ.അഭിലാഷ്, ഷൈലജ, കൃപ വിനോദ്, സജിതാനന്ദ്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഐശ്വര്യ, ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ മോൻസിദാസ്, അജിത്ത്, ഹരീഷ്, ജനറൽ സെക്രട്ടറിമാരായ പ്രണവ് താമരക്കുളം, കെ.നാരായണൻകുട്ടി, സജു, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജ ചന്ദ്രൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.