കുന്നിക്കോട് : വിളക്കുടി വില്ലേജ് ഓഫീസിന്റെ സ്മാർട്ട് കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഇളമ്പൽ ജംഗ്ഷനിലെ ചന്തയുടെ പിന്നിലുള്ള റവന്യൂ ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. അതിന് സമീപത്തുള്ള കാലപ്പഴക്കമേറിയ കെട്ടിടത്തിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
റവന്യൂ വകുപ്പ് ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. നിർമ്മിതി കേന്ദ്രത്തിനാണ് ചുമതല. പത്തനാപുരം താലൂക്കിൽ അനുവദിച്ച 3 സ്മാർട്ട് വില്ലേജുകളിൽ ഒന്നാണ് വിളക്കുടിയിലേത്. തലവൂരും പുന്നലയിലുമുള്ള മറ്റ് രണ്ടെണ്ണം യാഥാർത്ഥ്യമായി.
സൗകര്യങ്ങളേറെ
'സ്മാർട്ട് ' വിഭാഗത്തിൽ ഉൾപ്പെടുത്തി ആധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസർക്ക് പ്രത്യേകമായി മുറിയുണ്ട്. ഇതിന് പുറമേ ഓഫീസ് മുറി, റെക്കാഡ് മുറി, ഹാൾ, ഭക്ഷണമുറി, ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും പ്രത്യേകമായി വിശ്രമമുറിയും ശൗചാലയവും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
തറ ടയിൽസ് പാകി. പെയിന്റിംഗ് ജോലികളും പൂർത്തിയായി. ശൗചലയങ്ങളിൽ ടാപ്പും മറ്റ് അനുബന്ധ സാമഗ്രികളും ഘടിപ്പിച്ചിട്ടുണ്ട്. വയറിംഗ് ജോലികൾ പൂർത്തിയായെങ്കിലും സ്വിച്ചുകൾ ഇനിയും ഘടിപ്പിച്ചിട്ടില്ല. കെട്ടിടത്തിന്റെ മുന്നിൽ മൺവേലകൾ നടത്തി തറയോട് പാകുന്ന ജോലികളാണ് ഇനിയുള്ളത്.
വിഭജന ആവശ്യം ശക്തം
20 വാർഡുകളുള്ള വിളക്കുടിയിൽ 2011ലെ സെൻസെസ് പ്രകാരം 32,995 ആണ് ജനസംഖ്യ. 2021 സെൻസെസ് നടത്തിയിരുന്നെങ്കിൽ ജനസംഖ്യ കൂടിയേനെ. പച്ചില മുതൽ കാര്യറ വരെയും ആവണീശ്വരം മുതൽ കോട്ടവട്ടം വരെയുമുള്ള ഗ്രാമപഞ്ചായത്ത് മേഖലയിൽ ജനസാന്ദ്രതയും വീടുകളുടെ എണ്ണവും കൂടുതലാണ്. എന്നാൽ ഇവർക്കെല്ലാം ആശ്രയിക്കേണ്ടത് വിളക്കുടി വില്ലേജ് ഓഫീസിനെയാണ്. കാര്യറ പ്രദേശത്തുള്ളവർക്കാണ് വിഭജനം പ്രയോജനപ്പെടുക. നിലവിലെ സാഹചര്യത്തിൽ കിലോമീറ്ററോളം ദൂരം ചുറ്റിക്കറങ്ങി സഞ്ചരിച്ചാണ് വില്ലേജ് ഓഫീസിലെത്തുന്നത്. 20 വാർഡുകളുള്ള തലവൂർ ഗ്രാമപഞ്ചായത്തിൽ തലവൂരിലും പിടവൂരിലുമായി രണ്ട് വില്ലേജ് ഓഫീസുകളുണ്ട്. ഇത് വിവരിച്ച് കഴിഞ്ഞ വർഷം വിളക്കുടി വില്ലേജ് ഓഫീസർ പത്തനാപുരം തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയില്ല.
അടുത്ത മാസം വിളക്കുടി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ജി.സുരേഷ് ബാബു
പത്തനാപുരം തഹസിൽദാർ