
കൊല്ലം: മലയോരവാസികളുടെ ഉറക്കംകെടുത്തുകയാണ് വന്യമൃഗങ്ങൾ.
മുമ്പ് കൃഷിനശീകരണമായിരുന്നു ഇവറ്റകളുടെ പ്രധാന വിനോദമെങ്കിൽ ഇപ്പോൾ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. ആനയും പന്നിയും പുലിയുമെല്ലാം ചേർന്ന് ജനജീവിതം ദുസഹമാണ്. കൂട്ടമായെത്തുന്ന കാട്ടാനകൾ വ്യാപകമായിട്ടാണ് കൃഷി നശിപ്പിക്കുന്നത്. ആര്യങ്കാവ്, അമ്പനാട് എസ്റ്റേറ്റ്, പത്തനാപുരം, അച്ചൻകോവിൽ, തെന്മല, കൂളത്തൂപ്പുഴ, മുള്ളുമല തുടങ്ങിയ പ്രദേശങ്ങളിൽ കൃഷി നശിപ്പിക്കുന്നത് ആനക്കൂട്ടത്തിന്റെ ക്രൂരവിനോദമായിട്ടുണ്ട്.
കാടുംപടപ്പും ഗ്രാമങ്ങളും താണ്ടി നഗരത്തിൽ വരെ പന്നികൾ എത്തുന്നുണ്ട്. പന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും നടപടിക്രമങ്ങളിലെ കുരുക്ക് കാരണം കാര്യങ്ങൾ ഫലപ്രദമല്ല. പശു, ആട്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളെ പുലി കൊന്നുതിന്നുന്ന സംഭവങ്ങളും വ്യാപകമാണ്. കടശേരി, കുറവൂർ ഭാഗങ്ങളിൽ തോട്ടം തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത് അടുത്തിടെയാണ്. ടാപ്പിംഗിനും മറ്റ് ജോലിക്കും പോകുന്നവർക്ക് നേരെയും പന്നികളുടെയും ആനകളുടെയും ആക്രമണം പതിവാണ്.
തെങ്ങ്, കമുക്, റബർ ഉൾപ്പെടെയുള്ള വിളകൾ കുത്തി മറിച്ചും
കപ്പ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയെ ചുവടോടെ നശിപ്പിച്ചുമാണ് ആനക്കൂട്ടം മടങ്ങുക. ആദായകരമല്ലാതായതോടെ ആവശ്യത്തിന് മാത്രമാണ് ഇപ്പോൾ കൃഷിയിറക്കുന്നത്. ഇതിനാണ് ഇപ്പോൾ ഈ ദുർഗതി വന്നിരിക്കുന്നത്.
.....................................
തടയാനില്ല മാർഗം
കോടികൾ ചെലവഴിച്ച് സ്ഥാപിച്ച വൈദ്യുത വേലികൾ തകർന്നു
തുടർച്ചയായ പ്രളയത്തിൽ കിടങ്ങുകൾ നികന്നു
വനത്തിലെ ചെക്ക് ഡാമുകൾ ഇല്ലാതായി
കാട്ടിൽ തീറ്റയും വെള്ളവും കിട്ടാതായി
.....................................
ഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും കൃഷി ചെയ്യുന്നവർക്ക് വന്യമൃഗശല്യം ഇരുട്ടടിയാണ്. നിരവധി പേർ ഇതിനകം കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു
മലയോര കർഷകർ