കരുനാഗപ്പള്ളി : യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിക്ക് അടിമയാക്കി
നാടിനെ അരാജകത്വത്തിലേയ്ക്ക് തള്ളിവിടുന്ന മാഫിയകൾക്കെതിരെ സാമൂഹ്യഐക്യം രൂപപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. പുന്നക്കുളം ഗവ.എസ്.എൻ.ടി.വി സംസ്കൃത യു.പി സ്കൂളിലെ എസ്.എം.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാവിക്കായി ഒത്തൊരുമിക്കാം എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ലഹരി വസ്തുക്കളുടെ ഏറ്റവും വലിയ കമ്പോളമാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നാട്ടിൽ നടക്കുന്നതെന്നും അതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയകാവ് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ടി.ബി ജംഗ്ഷൻ ചുറ്റി മാർക്കറ്റിന് സമീപം സമാപിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ചൊല്ലിക്കൊടുത്തു. എസ്. എം. സി കമ്മിറ്റി ചെയർമാൻ കെ.എസ്.പുരം സുധീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്നേഹലത, യൂസഫ് കുഞ്ഞ്, പൊതുപ്രവർത്തകരായ ആദിനാട് നാസർ, കൃഷ്ണപിള്ള, മുഹമ്മദ് കുഞ്ഞ്, ജബ്ബാർ ഭാരത് കഫേ, ഷംസുദ്ദീൻ, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ അബ്ദുൽ സത്താർ നന്ദി പറഞ്ഞു.