photo
പുത്തൂരിൽ ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്ന താത്കാലിക ചന്ത

പുത്തൂർ: പുത്തൂരിൽ താത്കാലിക മത്സ്യച്ചന്ത തയ്യാർ. ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കുളക്കട ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പടിഞ്ഞാറെ ചന്ത നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് താത്കാലിക ചന്ത തയ്യാറാക്കിയത്. താത്കാലി ചന്ത നിർമ്മാണത്തിനായി 10 ലക്ഷം രൂപ കുളക്കട ഗ്രാമപഞ്ചായത്ത് ചെലവിട്ടു. പുത്തൂർ മണ്ഡപം ജംഗ്ഷന് കിഴക്ക് ഭാഗത്തായി എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് കണിയാപൊയ്ക കുളത്തിന്റെ ഭാഗത്തേക്കുള്ള റോഡരികിലായിട്ടാണ് ചന്ത നിർമ്മിച്ചത്. ഷീറ്റ് മേഞ്ഞ രണ്ട് വിശാലമായ ഷെഡുകളാണ് പ്രധാനമായും നിർമ്മിച്ചത്. തറ ഇന്റർ ലോക്കിട്ട് വൃത്തിയാക്കി. ഇവിടേക്കുള്ള റോഡ് വൃത്തിയാക്കി. പ്രവേശന കവാടവും ഒരുക്കി. വൈദ്യുതി,​ ടൊയ്ലറ്റ് സംവിധാനം,​ വാട്ടർ പമ്പ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്. മാലിന്യം സംസ്കരിക്കാൻ ശാശ്വതമായ സംവിധാനം ഇല്ലെന്നതാണ് പ്രധാന പോരായ്മ. കച്ചവടക്കാർ അതാത് ദിവസം മാലിന്യം സ്വന്തം നിലയിൽ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ.

ഹൈടെക് മാർക്കറ്റിന് 2.84 കോടി

മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി കിഫ്ബിയിൽ നിന്ന് 2.84 കോടി രൂപ അനുവദിച്ചാണ് പുത്തൂർ പടിഞ്ഞാറെ ചന്ത ഹൈടെക് മാർക്കറ്റാക്കി മാറ്റുന്നത്. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. കെട്ടിട സമുച്ചയങ്ങളും ശീതീകരണ സംവിധാനങ്ങളും ടൊയ്ലറ്റ് കോംപ്ളക്സുകളും മാലിന്യ സംസ്കരണ പ്ളാന്റുമടക്കം ഒട്ടേറെ സംവിധാനങ്ങൾ ഇവിടെയൊരുക്കും. നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളടക്കം മാറ്റാതെ ഹൈടെക് മാർക്കറ്റിന്റെ നിർമ്മാണം തുടങ്ങാൻ കഴിയില്ല. ഇതിനായിട്ടാണ് താത്കാലിക ചന്ത നിർമ്മിച്ചത്.

ഉദ്ഘാടനം ഇന്ന്

പുത്തൂരിലെ താത്കാലിക ചന്തയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കുളക്കട ഗ്രാമപഞ്ചായന്റ് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ അദ്ധ്യക്ഷനാകും. ഗ്രാമ​​ ബ്ളോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉദ്ഘാടനം കഴിഞ്ഞാൽ ഉടൻ പ്രവർത്തനം തുടങ്ങും. എന്നാൽ പടിഞ്ഞാറെ ചന്തയിലെ വ്യാപാര സ്ഥാപനങ്ങളടക്കം പൂർണ തോതിൽ ഇവിടേക്ക് മാറാൻ പത്ത് ദിവസമെടുക്കും.