 
എഴുകോൺ : കരീപ്ര പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എം.എൻ സ്മാരക വായനശാലയെ ചൊല്ലി പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത രൂക്ഷം. ഭരണ സമിതിയിലെ സി.പി.എം- സി.പി.ഐ അംഗങ്ങൾ തമ്മിലാണ് തർക്കം. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും സി.പി.ഐ അംഗങ്ങളുടെ ബഹിഷ്കരണവും നടന്നു. വായനശാലാ ഭരണ സമിതി രൂപീകരിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നതായി ആരോപിച്ചാണ് സി.പി.ഐ ബഹിഷ്കരിച്ചത്.
നിയമാവലി പ്രകാരം ഏഴംഗ ഭരണസമിതിയാണ് വായനശാലയ്ക്ക് വേണ്ടത്. ഗ്രാമ പഞ്ചായത്തംഗങ്ങളിൽ നിന്ന് മൂന്നും വായനക്കാരിൽ നിന്ന് രണ്ടും പ്രതിനിധികൾക്ക് പുറമേ പഞ്ചായത്ത് സെക്രട്ടറി ലൈബ്രേറിയൻ എന്നിവരെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ ഇക്കാര്യം പഞ്ചായത്ത് സമിതിയിൽ ആലോചിക്കുകയോ അംഗങ്ങളെ നിശ്ചയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സി.പി.ഐ നേതാക്കളുടെ പരാതി.
പരാതി നിലനിൽക്കെ വെള്ളിയാഴ്ച വായനശാലാ സമിതിയുടെ യോഗം വിളിച്ചു ചേർക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിയും ലൈബ്രേറിയനും ഇല്ലാതെയായിരുന്നു യോഗം. സി.പി.ഐ അംഗങ്ങളും എ.ഐ.വൈ.എഫ് പ്രവർത്തകരും പ്രസിഡന്റിന്റെ ഓഫീസിലേക്ക് മുദ്രാവാക്യം വിളികളോടെയെത്തി പ്രതിഷേധിച്ചിരുന്നു. സംഭവ വികാസങ്ങളെ തുടർന്ന് എഴുകോൺ പൊലീസും സ്ഥലത്തെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഡി.എഫ് ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് എ.ഐ.വൈ എഫ് പോസ്റ്ററുകളും പതിച്ചു. തുടർന്നായിരുന്നു ശനിയാഴ്ചത്തെ പഞ്ചായത്ത് യോഗ ബഹിഷ്ക്കരണം.