ഏരൂർ: ആലഞ്ചേരി മുതൽ അഗസ്ത്യക്കോട് അമ്പലംമുക്കുവരെയുള്ള റോഡിൽ നിറയെ കുഴികളാണ് . മഴപെയ്താൽ യാത്രക്കാരെ ദുരിതത്തിലാക്കുന്ന ചെളിക്കുളമാകും. അമ്പലം മുക്കിൽ ഹൈവേയുമായി ചേരുന്ന ഭാഗത്താണ് ചെളിക്കുളങ്ങളുള്ളത്. അഞ്ചൽ -പുനലൂർ റോഡ് വികസനത്തിന്റെ ഭാഗമായി ഉയരം വർദ്ധിപ്പിച്ചതോടെയാണ് ഇവിടം വെള്ളക്കെട്ടായത്. യാത്രക്കാരുടെ പരാതി കൂടുമ്പോൾ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ വെള്ളം ഒഴുക്കി വിടുകയായിരുന്നു പതിവ്. എന്നാൽ പുരയിടത്തിന് മതിൽ വന്നതോടെ കൂടുതൽ പ്രതിസന്ധിയിലായി.2017ൽ വെള്ളം ഒഴുക്കി വിടാൻ പി.ഡബ്ല്യു.ഡി അധികൃതർ ജെ.സി.ബി ഉപയോഗിച്ച് മതിൽ പൊളിച്ച് അതുവഴി വെള്ളം ഒഴുക്കി വിട്ടു. അതോടെ അനുവാദമില്ലാതെ മതിൽ പൊളിച്ചു എന്നു കാണിച്ച് വസ്തുവിന്റെ ഉടമ നൽകിയ പരാതിയിൽ ഒരു കേസും നിലനിൽക്കുന്നുണ്ട്.
യാത്രാദുരിതം
ആലഞ്ചേരി മുതൽ അങ്കണവാടി വരെയുള്ള റോഡ് പണി പൂർത്തിയാക്കി. ഇത്രയും ഭാഗം ഓട ഇല്ല. അങ്കണവാടി മുതൽ അമ്പലംമുക്ക് വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം ഇനിയും അവശേഷിയ്ക്കുന്നു. കാൽനട യാത്രപോലും പറ്റാത്ത അവസ്ഥയാണ്. റോഡിലെ കുഴികളുടെ എണ്ണത്തിന് ഒരു കണക്കുമില്ല. കുഴികളടയ്ക്കാനുള്ള നടപടിപോലും അധികൃതരുടെ ഭാഗത്തുനിന്നില്ല.
അങ്കണവാടി മുതലുള്ള റോഡ് നവീകരണത്തിന് ഇനിയും ടെൻഡർ ആയിട്ടില്ല. യാത്രാദുരിതം തുടങ്ങിയിട്ട് വർഷങ്ങളായി.അമ്പലംമുക്ക് മുതൽ ഓട പണിതാൽ മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാകൂ.
നന്ദകുമാർ
മുൻ പഞ്ചായത്ത് അംഗം
അഗസ്ത്യക്കോട്
2017ൽ എന്റെ അനുവാദമില്ലാതെ അധികൃതർ മതില് പൊളിച്ച് പുരയിടത്തിലൂടെ വെള്ളം ഒഴുക്കി വിട്ടു. ആ കേസ് നിലനിൽക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും അവശ്യഘട്ടങ്ങളിൽ എന്റെ പുരയിടത്തിലൂടെയാണ് വെള്ളം ഒഴുക്കി വിടുന്നത്. പഞ്ചായത്ത് അംഗത്തിന്റെയും പൊതുപ്രവർത്തകരുടെയും അഭ്യർത്ഥനയെ മാനിച്ചാണ് അത് അനുവദിയ്ക്കുന്നത്. ഓട നിർമ്മിക്കുന്നതാണ് ഏക പോംവഴി.
എൻ.വിജയൻ
ജാനകിഭവൻ
അഗസ്ത്യക്കോട്