photo
കോൺക്രീറ്റ് ഇളകി മാറിയ കല്ലുംമൂട്ടിൽക്കടവ് പാലം.

കരുനാഗപ്പള്ളി: കല്ലുമൂട്ടിൽ കടവ് പാലത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കോൺക്രീറ്റ് പാളികൾ ഇളകി കുണ്ടും കുഴിയുമായിയിക്കുകയാണ്. ഒന്നര പതിറ്റാണ്ടിന് മുമ്പ് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ തുറയെയും കരുനാഗപ്പള്ളി നഗരസഭയെയും ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചത്. നിർമ്മാണം കഴിഞ്ഞ് ഏതാനും വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിന്റെ കോൺക്രീറ്റ് ഇളകി തുടങ്ങിയിരുന്നു. അതോടെ പാലത്തിൽ അപകടങ്ങൾ പതിവായി. കോൺക്രീറ്റ് ഇളകിയ ഇടങ്ങളിൽ മെറ്റൽ നിരത്തി ടാർ ഒഴിച്ച് കുഴികൾ മൂടുന്ന പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തിരുന്നത്. പാലത്തിന്റെ മിക്ക ഭാഗങ്ങളും തകർന്ന് കിടക്കുകയാണ്. ആഴമുള്ള കുഴികളിൽ നാട്ടുകാർ മീൻ പിടിക്കുന്ന വലകളിൽ മണ്ണ് നിറച്ച് നിരത്തി അപകടങ്ങൾ ഒഴിവാക്കുകയായിരുന്നു.

സുനാമി സ്പെഷ്യൽ പാക്കേജ്

സുനാമി ദുരന്തത്തിന് ശേഷമാണ് കല്ലുംമൂട്ടിൽ കടവിൽ സർക്കാർ പാലം നിർമ്മിച്ചത്. ഇതിന് ആവശ്യമുള്ള പണം സുനാമി സ്പെഷ്യൽ പാക്കേജിൽ നിന്നാണ് ചെലവഴിച്ചത്. സുനാമി ദുരന്തം ഉണ്ടായപ്പോൾ നാട്ടുകാർക്ക് രക്ഷപ്പെടാൻ പാലം ഇല്ലാതിരുന്ന സാഹചര്യം കണക്കിലെടുത്താണ് ആയിരം തെങ്ങ് പാലവും കല്ലുംമൂട്ടിൽക്കടവ് പാലവും നിർമ്മിച്ചത്.

തിരക്കേറിയ പാലം

ആഴീക്കലിനെയും വലിയഴീക്കലിനെയും ബന്ധിപ്പിച്ച് കായകുളം കായലിന് മീതേ പാലം നിർമ്മിച്ചതോടെ തീരദേശ ഹൈവേയിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു. ആലപ്പുഴ ഭാഗത്തേക്ക് പോകാനുള്ള എളുപ്പ മാർഗ്ഗമായി ഈ റോഡ് മാറി. ഇതു കൂടാതെ കായംകുളം മത്സ്യബന്ധന തുറമുഖത്തേക്ക് വാഹനങ്ങൾ കടന്ന് പോകുന്നതും കല്ലുംമൂട്ടിൽ പാലം കടന്നാണ്. ഈ സാഹചര്യത്തിൽ പാലത്തിന്റെ പ്രാധാന്യം ഏറുകയാണ്.

പാലത്തിന്റെ തകർന്ന ഭാഗങ്ങൾ ടാർ കൊണ്ട് ഒട്ടിക്കാതെ പാലം പൂർണമായും ടാർ ചെയ്ത് സഞ്ചാര യോഗ്യവും അപകട രഹിതവുമാക്കണം.

നാട്ടുകാർ