
ഏരൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് രോഗിയുമായി പോയ ആംബുലൻസ് അഞ്ചൽ ചന്തമുക്കിന് സമീപം മറിഞ്ഞു. രോഗിയോടൊപ്പമുണ്ടായിരുന്ന ബന്ധുവിന് മുഖത്ത് മുറിവേറ്റു. ആംബുലൻസ് ഡ്രൈവർ പുനലൂർ സ്വദേശി രഞ്ജിത്ത് തെറിച്ച് പുറത്തേക്ക് വീണു. മറ്റാർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് കുതിരച്ചിറ സ്വദേശിയായ രോഗിയുമായി പോകുമ്പോഴായിരുന്നു അപകടം. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. നാലുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. സൂപ്പർമാർക്കറ്റിൽ നിന്ന് അലക്ഷ്യമായി റോഡിലേയ്ക്ക് ഇറങ്ങിയ അഭിഭാഷകന്റെ കാറിൽ തട്ടാതിരിക്കാൻ ശ്രമിക്കവേ എതിർ ഭാഗത്തെ ഓടയിലേയ്ക്ക് മറിയുകയായിരുന്നു. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.