chemban
തകർന്നടിഞ്ഞ ചെമ്പൻ പൊയ്ക റോഡ്

കൊട്ടാരക്കര: വികസനത്തിന് കാതോർക്കുകയാണ് ചെമ്പൻ പൊയ്ക എന്ന ഗ്രാമം. ഗതാഗതയോഗ്യമായ റോഡ്, ബസ് സ‌ർവീസുകൾ, മാവേലി സ്റ്റോർ, പ്രാഥമിക ചികിത്സാ കേന്ദ്രം, മെഡിക്കൽ സ്റ്റോർ, കുടിവെള്ളം ഇവയെല്ലാം ചെമ്പൻപൊയ്ക നിവാസികൾക്ക് അന്യമാണ്.

കൊട്ടാരക്കര നഗരസഭയുടെയും മൈലം ഗ്രാമ പഞ്ചായത്തിന്റെയും അതിർത്തിയിലുള്ള ചെമ്പൻപോയ്ക ഇല്ലായ്മകളുടെ കഥയേ പറയാനുള്ളു. സമീപ പ്രദേശങ്ങളിലെല്ലാം മെച്ചപ്പെട്ട വികസനമെത്തിയപ്പോഴും നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ചെമ്പൻ പൊയ്കയെ അവഗണിച്ചതാണ് പ്രദേശവാസികളെ വിഷമിപ്പിക്കുന്നത്.

ഒരു ബസ് സ‌ർവീസ് പോലുമില്ല

9 വർഷം മുമ്പ് വരെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പള്ളിക്കൽ വഴി ചെമ്പൻപൊയ്കയിലേക്ക് സർക്കുലർ സർവീസ് ഉണ്ടായിരുന്നു. റോഡ് തകർന്നതോടെ ആ സർവീസ് നിലച്ചു. സ്വകാര്യ വാഹനങ്ങളോ ടാക്സിയോ മാത്രമാണ് ഇവിടുത്തുകാരുടെ ആശ്രയം. അല്ലെങ്കിൽ അഞ്ചു കിലോമീറ്ററോളം നടന്ന് കൊട്ടാരക്കരയിലോ മൈലത്തോ എത്തണം.

തൊഴിൽ സ്ഥാപനങ്ങളില്ല

ഇവിടെ ആകെയുണ്ടായിരുന്ന ഒരേ ഒരു തൊഴിൽ സ്ഥാപനം കശുഅണ്ടി ഫാക്ടറിയായിരുന്നു. അതും പൂട്ടിയതോടെ ഗ്രാമീണർ തികച്ചും ദുരിതത്തിലായി. പൊതു സ്ഥാപനങ്ങൾ ഒന്നുമില്ല.

ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനം പള്ളിക്കലുള്ള ഒരു എൽ.പി സ്കൂളാണ്.

മരുന്നോ അവശ്യസാധനങ്ങളോ വാങ്ങണമെങ്കിൽ പ്രദേശവാസികൾക്ക് കൊട്ടാരക്കരയിലോ മൈലത്തോ പോകണം.

കുടിവെള്ളം കിട്ടാക്കനി

കുടിവെള്ള ക്ഷാമമാണ് വർഷങ്ങളായി നാട്ടുകാർ മുറവിളി കൂട്ടുന്ന പ്രശ്നം. പത്തുവർഷം മുമ്പ് ചെമ്പൻപൊയ്ക ഫാക്ടറിക്ക് സമീപം കുളം കുഴിച്ച് .പൈപ്പുകൾ സ്ഥാപിച്ചെങ്കിലും വെള്ളം എത്തിക്കാൻ

കഴിഞ്ഞില്ല. നിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതാണ് ജലവിതരണം നടക്കാത്തതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ മൈലം പഞ്ചായത്ത് മൈലം ജല പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ജല വിതരണം ഇനിയും നടന്നിട്ടില്ല. വേനൽ കാലത്ത് എട്ടുമാസം വരെ ദൂര സ്ഥലങ്ങളിൽ നിന്ന് കുടിവെള്ളമെത്തിച്ചാണ് ആളുകൾ ഉപയോഗിക്കുന്നത്.

തകർന്നടിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാൻ കൊട്ടാരക്കര നഗരസഭയോ മൈലം ഗ്രാമ പഞ്ചായത്തോ ജന പ്രതിനിധികളോ തയ്യാറായിട്ടില്ല. ചെമ്പൻപൊയ്കയിൽ നിന്ന്

മുസ്ളിം സ്ട്രീറ്റിലേക്കുള്ള ഇട റോഡ് സഞ്ചാരയോഗ്യമാക്കിയാൽ ഗതാഗത പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമാകും.

പള്ളിക്കൽ സാമുവൽ, പൊതു പ്രവർത്തകൻ.