photo
മാലിന്യവും കാടും നിറഞ്ഞ് അഞ്ചലിലെ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം

അഞ്ചൽ: മാർക്കറ്റ് ജംഗ്ഷനിലെ പഴയ പൊലീസ് സ്റ്റേഷന് സമീപത്തുകൂടി ആളുകൾക്ക് മൂക്ക് പൊത്താതെ പോകാനാവില്ല. കെട്ടിടവും കോമ്പൗണ്ടും മാലിന്യത്തിൽ നിറഞ്ഞിരിക്കുന്നതാണ് കാരണം. മാലിന്യവും കാടും കാരണം ഇവിടം ഇപ്പോൾ ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രവുമാണ്. മാർക്കറ്റും പ്രൈവറ്റ് ബസ് സ്റ്റാൻഡും നിരവധി സ്കൂളുകളും സർക്കാർ ഓഫീസുകളുമൊക്കെ ഈ കെട്ടിടത്തിന് സമീപത്തുണ്ട്.

കോളറ പാലത്തിന് സമീപം ഹൈടെക് സ്റ്റേഷൻ

പൊലീസ് ഡിപ്പാർട്ടുമെന്റിന്റെ കൈവശമായിരുന്ന ഈ 20 സെന്റ് പുരയിടവും കെട്ടിടവും പഞ്ചായത്തിന് വിട്ടുകൊടുത്തു. പകരം കോളറ പാലത്തിന് സമീപം പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം പണിയാൻ ഒരേക്കർ ഭൂമി പ‌ഞ്ചായത്ത് പൊലീസ് ഡിപ്പാർട്ടുമെന്റിന് കൈമാറി. പൊലീസ് സ്റ്റേഷന് ബഹുനില കെട്ടിടവും നിർമ്മിച്ചു. എന്നാൽ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനവും നാളിതുവരെ നടന്നിട്ടില്ല. ഇവിടെ ഹൈടെക് മാർക്കറ്റ് നിർമ്മിക്കുന്നതിന് കഴിഞ്ഞ പഞ്ചായത്ത് സമിതി തീരുമാനമുണ്ടായെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല.

വിട്ടുനൽകാതെ ഗുരുദേവ പ്രതിമ

ഒരു കേസുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് അഞ്ചൽ പൊലീസ് കസ്റ്റടിയിലെടുത്ത ശ്രീനാരായണ ഗുരുവിന്റെ ഒരു ചെറിയ പ്രതിമ ഈ കെട്ടിടത്തിന് മുകളിൽ കാഴ്ച വസ്തുവായി പൊലീസ് ഇപ്പോഴും വച്ചിട്ടുണ്ട്. പ്രതിമ വിട്ടുനൽകണമെന്ന ആവശ്യം ഉയർന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥർ തൊണ്ടിമുതലാണെന്ന് പറഞ്ഞ് ആവശ്യം നിരസിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ പുതിയ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചെങ്കിലും പ്രതിമ പഴയ കെട്ടിടത്തിന് മുകളിൽ തന്നെ ഉപേക്ഷിച്ചു.

ഗുരുദേവ പ്രതിമ നശിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ കാഴ്ചവസ്തുവായി വച്ചിരിക്കുന്നത് വിശ്വാസികൾക്ക് ദുഃഖമുണ്ടാക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഇടപെട്ട് പ്രതിമ വിട്ടു നൽകണം. കൂടാതെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടവും പരിസരവും സംരക്ഷിക്കുന്നതിനും നടപടി ഉണ്ടാകണം.

(ബീനാ സോദരൻ, പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖ)

പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി വേണം. ആളുകൾക്ക് ഇതുവഴി നടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ കെട്ടിടത്തിന് മുകളിൽ വച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ബന്ധപ്പെട്ടവർക്ക് വിട്ടുനൽകുകയോ സുരക്ഷിതമായ മറ്റ് ഏതെങ്കിലും സ്ഥാനത്തേയ്ക്ക് മാറ്റുകയോ ചെയ്യണം.

(എസ്. ഉമേഷ് ബാബു, ബി.ജെ.പി. അഞ്ചൽ മണ്ഡലം പ്രസിഡന്റ്)