ooda-

ചവറ: അധികൃതരുടെ അവഗണനയിൽ നീരൊഴുക്ക് നിലച്ച് മാലിന്യ വാഹിയായി മാറിയിരിക്കുകയാണ് നീണ്ടകര പഞ്ചായത്തിലെ ആനാംകണ്ടം- വേളൂർകായൽ തോട്. സമീപ പ്രദേശവാസികൾക്ക് പകർച്ചവ്യാധി ഭീഷണിയുയർത്തുന്നുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരും തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കണവ, ചെമ്മീൻ സംസ്കരണ ഫാക്ടറികളിലെയും വീടുകളിലെയും മാലിന്യം തള്ളുന്നത് ഈ തോട്ടിലാണ്. അഷ്ടമുടി കായലിലെ ആനാംകണ്ടം കുമ്പളം ചിറ മുതൽ ചന്ദ്രവിലാസം, ഡെയറിഫാം, കുട്ടിനഴികം, കുന്നത്ത്, ഇടക്കുന്നത്ത്, വേളൂർകായൽ ഭാഗങ്ങളിലൂടെ മൂന്ന് കിലോമീറ്ററോളം നീളമുള്ള തോട് നീണ്ടകര പഞ്ചായത്തിലെ 4,5,6,9,10 വാർഡുകളിലൂടെയാണ് ഒഴുകുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഇടത്തോടുകളുടെയും നീരൊഴുക്ക് പൂർണമായും നിലച്ചമട്ടാണ് മാലിന്യം നിറഞ്ഞ് തോടിന്റെ ആഴം കുറയുകയും നീരൊഴുക്ക് തടസപ്പെടുകയും ചെയ്തത് രൂക്ഷ ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്.

അന്ന്സജീവം, ഇന്ന് നിർജീവം

കാൽ നൂറ്റാണ്ട് മുമ്പ് കെട്ടുവള്ളങ്ങളും ചരക്കുവള്ളങ്ങളുമായി സജീവമായിരുന്നു നീണ്ടകരയിലെ ഇടത്തോടുകൾ. ചീക്ക തൊണ്ട്. കയർ, ചകിരി, കരിമണ്ണ് തുടങ്ങി കൊല്ലം കമ്പോളത്തിലേക്കും തിരിച്ചും പലവിധ സാധനങ്ങൾ എത്തിക്കുന്നതിൽ മുഖ്യസഞ്ചാര മാർഗങ്ങളിലൊന്നായിരിന്നു ഇടത്തോടുകൾ. അധികൃതരുടെ ഇടപെടലുകളും ശ്രദ്ധയുമില്ലാത്തത് കാരണം ഇടത്തോടുകൾ നീരൊഴുക്ക് നിലച്ച് നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന ഇടത്തോട്ടിൽ വേലിയേറ്റവും വേലിയിറക്കവും സുഗമമായി നടക്കുന്ന രീതിയിൽ പഴയ പ്രതാപം വീണ്ടെടുക്കും. കൈയ്യേറ്റം കണ്ടെത്തി നടപടി സ്വീകരിക്കും. പ്രധാന പ്രദേശങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ കാമറ സ്ഥാപിക്കും. മാലിന്യം നീക്കി തെളിനീരൊഴുക്കാൻ നടപടിയുണ്ടാകും.- പി.ആർ. രജിത്ത്, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്


എഴുപതോളം കുടുംബങ്ങൾ ഒപ്പിട്ടു നൽകിയ പരാതിയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്കരണ ഫാക്ടറി പ്രതിനിധികളുമായി ചർച്ച നടത്തി. ബി.പി.എൽ കുടുബങ്ങൾക്ക് സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിന് തുക അനുവദിക്കാനും മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.- ബി. അനിൽകുമാർ, നീണ്ടകര അഞ്ചാം വാർഡ് ഗ്രാമപഞ്ചായത്തംഗം


തോടിന്റെ സ്വാഭാവിക ഒഴുക്ക് നടക്കാൻ കുറഞ്ഞത് ഒന്നരമീ​റ്റർ ആഴമെങ്കിലും കൂട്ടണം. വേലിയേ​റ്റവും വേലിയിറക്കവും കൃത്യമായുണ്ടായെങ്കിൽ മാത്രമേ തോട് വൃത്തിയാകൂ. മാലിന്യം തള്ളുന്നത് തടയാൻ നാട്ടുകാരുടെ പൂർണ സഹകരണമുണ്ടാകണം.- റോയി ജോൺസൻ, പ്രദേശവാസി


തോടും പരിസരവും ദുർഗന്ധപൂരിതമായിട്ടും ആരോഗ്യ പ്രവർത്തകർക്ക് കുലുക്കമില്ല. കായലിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നോട്ടീസ് മാത്രം നൽകാതെ നടപടി ഉറപ്പുവരുത്തണം.- ബി. രാജീവൻ, എസ്.എൻ.ഡി.പി യോഗം 483​ാം നമ്പർ നീണ്ടകര തെക്ക് ശാഖാ കമ്മി​റ്റി അംഗം