മൺറോത്തുരുത്ത്: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിൽ ആകെയുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലാബ് സൗകര്യം ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിലെ 13 വാർഡുകളിലുള്ളവരും സമീപ പ്രദേശങ്ങളായ കൊടുവിള, ശിങ്കാരപ്പള്ളി, കോതപുരം തുടങ്ങിയ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളും ചികിത്സക്ക് പൂർണമായും ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ലാബ് ഇല്ലാത്തത്. ദിവസവും ജീവിതശൈലീ രോഗങ്ങൾക്കും അല്ലാതെയുമുള്ള ചികിത്സകൾക്കായി നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. ലാബ് സൗകര്യം ഇല്ലാത്തതിനാൽ രോഗികൾക്ക് ദൂരെയുള്ള പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. വാഹനങ്ങൾ എത്താൻ കഴിയാത്ത ദ്വീപിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് കൂടുതലും ബുദ്ധിമുട്ടനുഭവിക്കുന്നത്. എസ്.ബി.ഐ ജീവനക്കാരനായ മൺറോത്തുരുത്ത് ജയന്റെ ശ്രമഫലമായി എസ്.ബി.ഐ ഗ്രാമപഞ്ചായത്തിന് സഹായമായി നൽകിയ പത്ത് ലക്ഷം രൂപക്ക് ലാബിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങിയിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്ന വാടകക്കെട്ടിടത്തിൽ സൗകര്യമില്ലാത്തതിനാൽ വില്ലിമംഗലത്ത് സ്ഥിതി ചെയ്യുന്ന സബ് സെന്ററിൽ ലാബിന് സൗകര്യമൊരുക്കി. ലാബ് പ്രവർത്തിപ്പിക്കാൻ യോഗ്യതയുള്ള ടെക്നീഷ്യനെ നിയമിക്കാത്തതിനാൽ പ്രവർത്തനം വഴിമുട്ടി നിൽക്കുകയാണ്. പഞ്ചായത്തിന് വരുമാനമില്ലാത്തതിനാൽ ടെക്നീഷ്യന് ശബളം നൽകാൻ കഴിയുകയില്ലന്നും ഡി.എം.ഒ നിയമിക്കണമെന്നുമാണ് പഞ്ചായത്ത് പറയുന്നത്. ലാബ് ഗവൺമെന്റ് നൽകിയതല്ലാത്തതിനാൽ സ്റ്റാഫിനെ നിയമിക്കാൻ കഴിയില്ലെന്നാണ് ഡി.എം.ഒയുടെ വാദം. ഉപകരണങ്ങളുണ്ടായിട്ടും ലാബ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത അധികാരികളുടെ പ്രവർത്തിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
'ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി കൂടിയാലോചന നടത്തി എത്രയും വേഗം ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ലാബ് പ്രവർത്തിപ്പിക്കണം.
കുണ്ടറ വയലിൽ മോഹനൻ
എസ്.എൻ.ഡി.പി യോഗം 705-ാം നമ്പർ മൺറോ സെൻട്രൽ ശാഖാ പ്രസിഡന്റ്