പരവൂർ: ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടുത്താൻ നബാർഡ് പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടിയുള്ള വിവിധ ഗ്രാമീണ പ്രവർത്തനങ്ങൾ കേരള സർക്കാരുമായി ചേർന്ന് എകോപിപ്പിച്ച് വരികയാണെന്നും നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ഡോ.ജി.ഗോപകുമാരൻ നായർ പറഞ്ഞു. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേഡസിന്റെ നേതൃത്വത്തിൽ ഇത്തിക്കര ബ്ലോക്കിൽ 60 ഗ്രാമീണ ഗുണഭോക്താക്കൾക്കുവേണ്ടി ആരംഭിച്ച രണ്ടാമത് തയ്യലധിഷ്ഠിത പരിശീലന പരിപാടിയായ ലൈവ്ലിഹുഡ് ആൻഡ് എന്റർപ്രൈസ് ഡെവലെപ്മെന്റ് പ്രോഗ്രാം (എൽ.ഇ.ഡി.പി) പരവൂരിലെ പി.എൻ.പണിക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്കിൽ ഡെവലെപ്മെന്റ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമീണ സമ്പദ്ഘടന വർദ്ധിപ്പിക്കാൻ 19,700 കോടിയിലധികം കഴിഞ്ഞ വർഷം നബാർഡ് കേരളത്തിൽ ചെലവാക്കിയെന്നും ഈ വർഷം അതിനേക്കാൾ കൂടുതൽ തുക ചെലവഴിക്കുവാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. കെ. സുബ്രഹ്മണ്യം, കൊല്ലം ആലപ്പുഴ റീജിയണൽ മാനേജർ ടി.കെ. പ്രേംകുമാർ, അസിസ്റ്റന്റ് മാനേജർ അമൃത നായർ, പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ, മുൻസിപ്പൽ കൗൺസിലർ എ. അരിഫ ബീവി, പരവൂർ സജീബ്, എൻ.ജയചന്ദ്രൻ, ഷിബു, ബിജു വിശ്വരാജൻ, റീഡിംഗ് മിഷൻ കോഓർഡിനേറ്റർ ബിജുമോൻ, ട്രെയിനിംഗ് ചീഫ് കോഓർഡിനേറ്റർ സജില ബീഗം, ചീഫ് ഫാക്കൽറ്റി ടി. ശേഖ എന്നിവർ പങ്കെടുത്തു.