കുന്നിക്കോട് : കോലിഞ്ചിമലയിലെ പാറക്വാറി ഖനനാനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചേർന്ന അടിയന്തര ഗ്രാമപഞ്ചായത്ത് സമിതിയോഗത്തിൽ നിയമോപദേശം തേടാൻ തീരുമാനമായി. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് പാറക്വാറിയ്ക്ക് ലൈസൻസ് നൽകുക എന്ന് ആഗസ്റ്റ് 20ന് പറപ്പെടുവിച്ച തദ്ദേശ ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടാൻ തീരുമാനമായത്. ഇന്നലെ വൈകിട്ട് 3ന് വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലാണ് യോഗം ചേർന്നത്.
ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്നായിരുന്നു കോടതി വിധി. എന്നാൽ അന്ന് മതിയായ രേഖകൾ കൈവശം ഇല്ലാത്തതിനാൽ സെപ്തംബർ 26നാണ് ക്വാറിയുടമകൾ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചത്. ജിയോളജി, പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പാറ ഖനനത്തിന് മറ്റ് തടസങ്ങളില്ലെന്നാണ് പറയുന്നത്.
പഞ്ചായത്തിലെ പഴയ സെക്രട്ടറി സ്ഥലം മാറി പോവുകയും പുതിയ സെക്രട്ടറിയായി എസ്.ശിവപ്രസാദ് ചുമതലയേൽക്കുകയും ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ സെക്രട്ടറി ലൈസൻസ് നൽകാൻ തീരുമാനിക്കുന്നതറിഞ്ഞ് കോലിഞ്ചിമല സംരക്ഷണ സമിതിയംഗങ്ങൾ ഇന്നലെ സെക്രട്ടറിയെ നേരിൽ കണ്ട് തങ്ങളുടെ ബുദ്ധിമുട്ടുകളും പരാതികളും ബോധിപ്പിച്ചു.
തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്റെ അദ്ധ്യക്ഷതയിൽ അടിയന്തര ഗ്രാമപഞ്ചായത്ത് സമിതിയോഗം ചേർത്തു. യോഗത്തിൽ നിയമോപദേശം തേടണമെന്ന ആവശ്യം ഉയരുകയും അത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ രണ്ട് പ്രതിപക്ഷാഗംങ്ങൾ തമ്മിൽ പാറക്വാറിയുടമകൾ രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി.
കോലിഞ്ചിമല സംരക്ഷണ സമിതി പ്രതിഷേധിച്ചു
കോലിഞ്ചിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള പാറക്വാറിയ്ക്ക് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോലിഞ്ചിമല സംരക്ഷണ സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി വിഷ്ണു ജി.നാഥ്, ഫാ.ജോൺ മഠത്തിൽ പറമ്പിൽ, കുന്നിക്കോട് ഷണ്മുഖനന്ദൻ, തോമസ് കുട്ടി, ജേക്കബ്, ഷാജി എന്നിവർ സംസാരിച്ചു.