
ചാത്തന്നൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ഇത്തിക്കര ആറ്റിൽ നിക്ഷേപിക്കുന്നതായി പരാതി.
ചാത്തന്നൂരിന്റെ പല ഭാഗത്തുനിന്നും പൊളിച്ചു മാറ്റുന്ന അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മരക്കുറ്റികൾ തുടങ്ങിയവയാണ് ആറ്റിൽ നിക്ഷേപിക്കുന്നത് . ഇത്തിക്കരയാറിന് കുറുകെ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് തെങ്ങിൻ കുറ്റികൾ ഉറപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഈ പ്രദേശത്താണ് ഇന്നലെ മുതൽ ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് . പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകി പല സ്ഥലത്തും അടിഞ്ഞ് കൂടുകയാണ്. ഇത് നിരവധി പാരിസ്ഥിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. യാതൊരുവിധ നിയന്ത്രണവുമില്ലാതെയാണ് ഇവിടെ വൻ തോതിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. മാലിന്യങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.