പുത്തൂർ: നൂറ്റാണ്ടുകളുടെ പെരുമയുള്ള പുത്തൂർ കിഴക്കേ ചന്തയെ അധികൃതർ മറന്നു. പടിഞ്ഞാറെ ജംഗ്ഷനിലെ മത്സ്യച്ചന്ത 2.84 കോടി രൂപ മുടക്കി ഹൈടെക് മാർക്കറ്റാക്കാൻ തയ്യാറെടുക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കാർഷിക ചന്ത പേരിൽ മാത്രം ഒതുങ്ങുകയാണ്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചന്ത. ആനലേലം വരെ നടന്നിരുന്ന ചന്തയ്ക്ക് ജില്ലയിലെ പ്രമുഖ വെറ്റിലച്ചന്തയെന്ന പേര് മാത്രമാണ് ഇപ്പോഴുള്ളത്. ആഴ്ചയിൽ രണ്ട് ദിവസം വെറ്റിലയുമായി കർഷകർ വന്നുപോകുന്നതൊഴിച്ചാൽ മറ്റ് പ്രവർത്തനങ്ങളൊന്നും ഇല്ല.

ചതിച്ചത് ഷോപ്പിംഗ് കോംപ്ളക്സ്

ചന്തയുടെ പ്രതാപ കാലത്താണ് നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഇവിടെ ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിച്ചത്. ചന്തയുടെ വിശാലമായ ഭൂമിയുടെ അകത്തേക്ക് മാറ്റി നിർമ്മിക്കേണ്ട ഷോപ്പിംഗ് കോംപ്ളക്സ് റോഡിനോട് ചേർന്ന് നിർമ്മിച്ചു. അതോടെ ചന്തയ്ക്കുള്ളിലേക്ക് ആളുകളുടെ കണ്ണെത്താതെയായി. അകത്തേക്ക് കടക്കാനുള്ള വഴി മാത്രമാണ് തുറന്നത്. ഷോപ്പിംഗ് കോംപ്ളക്സ് വേണ്ടത്ര ഗുണം ചെയ്തതുമില്ല. ചന്തയുടെ നാശത്തിന് അത് കാരണമാവുകയും ചെയ്തു. ഇതിനുള്ളിൽ മത്സ്യ വിപണനത്തിന് നിർമ്മിച്ച സ്റ്റാളും അനുബന്ധ കെട്ടിടവും പൊലീസ് സ്റ്റേഷന്ന് വിട്ടുനൽകി. പിന്നീട് ഈ ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറിയതോടെ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടവും നിർമ്മിച്ചു. ചന്തയിൽ ടൊയ്ലറ്റ് സംവിധാനത്തിന് നിർമ്മിച്ച കെട്ടിടമാണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലയായി മാറിയത്. മദ്യ വില്പനശാലയിലെത്തുന്നവരുടെ വാഹനങ്ങൾ നിരത്തിവയ്ക്കാനുള്ള ഇടമായി ചന്തയുടെ ഭൂമി മാറി. കുടുംബശ്രീയുടെ വകയായി ഇവിടെ നിർമ്മിച്ച കെട്ടിടങ്ങൾ വെറുതെകിടന്ന് നശിക്കുകയാണ്. മറ്റ് പഴഞ്ചൻ കെട്ടിടങ്ങളുമുണ്ട്. കുറച്ചുഭാഗം ലൈബ്രറിയുടെ പ്രവർത്തനത്തിന് വേണ്ടി വിട്ടുനൽകി. ചുരുക്കത്തിൽ കിഴക്കേ ചന്ത നാമമാത്രമായി.

കിഴക്കേ ചന്തയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കണം. ഷോപ്പിംഗ് കോംപ്ളക്സ് അകത്തേക്ക് മാറ്റി നിർമ്മിക്കാൻ അധികൃതർ ഇടപെടണം. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടാൽ ചന്ത നവീകരിക്കാൻ തുക കണ്ടെത്താനാവും. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം താമസിക്കുന്ന പ്രദേശമായതിനാൽ അനുകൂല സാഹചര്യങ്ങളുണ്ട്.

ജി.ഷൈജു ആനക്കോട്ടൂർ, കേരള കൗമുദി ഏജന്റ്

ചന്തയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം.പുലർച്ചെ വെറ്റിലയുമായെത്തുന്നവർ വെളിച്ചം പോലുമില്ലാതെ വിഷമിക്കാറുണ്ട്. കാർഷിക മേഖലയാണ് പുത്തൂർ. അതുകൊണ്ടുതന്നെ ചന്തയുടെ പ്രവർത്തനം മെച്ചമാക്കിയാൽ കാർഷിക ഉത്പനങ്ങൾ വില്പനയ്ക്കും വാങ്ങാനുമായി ആളുകളെത്തും.

വിനോജ് വിസ്മയ, ചെയർമാൻ,

സായന്തനം ഗാന്ധിഭവൻ വികസന സമിതി