photo
പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.റ്റി.യു.) ജില്ലാ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. എസ്. ജയമോഹൻ, ഡി. വിശ്വസേനൻ, റ്റി. അജയൻ തുടങ്ങിയവർ സമീപം

അഞ്ചൽ: തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ശമ്പള പരിഷ്കരണത്തിന്റെ ചർച്ചകൾ തൊഴിൽ വകുപ്പ് മുൻ കയ്യെടുത്ത് നടത്തി വരികയാണ്. കൊല്ലം ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഭാരതീപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തോട്ടം മേഖല. വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയങ്ങൾ തോട്ടം മേഖലയിൽ കടുത്ത പ്രസിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിളകൾക്ക് ന്യായമായ വില കിട്ടാതെ വരുന്നു. നഷ്ടത്തിലായ തോട്ടങ്ങൾ പുനരുദ്ധരിക്കുന്നതിന് സാദ്ധ്യമായ എല്ലാ സഹായവും കേരള സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറ‌ഞ്ഞു. സമ്മേളനത്തിൽ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിജു അദ്ധ്യക്ഷനായി. എസ്. ഗോപകുമാർ രക്തസാക്ഷി പ്രമേയവും ആർ. പ്രദീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ് മാത്യു, അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, സംഘാടക സമിതി സെക്രട്ടറി ടി.അജയൻ, അഡ്വ. പി.സജി, പി.എസ്.ചെറിയാൻ, പി. അനിൽകുമാർ, വി.എസ്. മണി, ദിനേശൻ, പി.ലൈലാ ബീവി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി റബർ മേഖലയിലെ പ്രതിസന്ധിയും പരിഹാര നിർദ്ദേശങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.