കൊട്ടാരക്കര: ഇ.ടി.സി പൊന്മാന്നൂർ റോഡിലെ കുറ്റിക്കാട് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. ഗതാഗത തിരക്കിൽ നിന്ന് അകന്ന് പ്രഭാത സവാരിക്കാർ ഏറെ ഇഷ്ടപ്പെടുന്ന റോഡാണ് ഇപ്പോൾ വിവിധ കാരണങ്ങളാൽ കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ദുരിത
പാതയാകുന്നത്. വാഹനത്തിരക്ക് ഇല്ലെന്നുമാത്രമല്ല, ശുദ്ധമായ വായു, പ്രകൃതി രമണീയമായ അന്തരീക്ഷം, മെച്ചപ്പെട്ട റോഡുമാണ്. എന്നാൽ റോഡിന് വശങ്ങളിൽ രൂപപ്പെട്ട കുറ്റിക്കാടും ഒരാൾപ്പൊക്കത്തിൽ വളർന്ന് റോഡിലേക്കിറങ്ങിക്കിടക്കുന്ന പുൽച്ചെടികളുമാണ് പ്രഭാത സവാരിക്കാരെ വലയ്ക്കുന്നത്. കുറ്റിക്കാടു മൂലം ഇവിടെ ഇഴജന്തുക്കളുടെയും തെരുവു നായ്ക്കളുടെയും ഉപദ്രവം വർദ്ധിച്ചിട്ടുണ്ട്. തൊഴിലുറപ്പു തൊഴിലാളികൾ സ്വകാര്യ വ്യക്തികളുടെ റബർ തോട്ടവും കൃഷിയിടവും വൃത്തിയാക്കുമ്പോഴും നൂറുകണക്കിനാളുകൾ കാൽനടയായി നിത്യേന കടന്നു പോകുന്ന ഇ.ടി.സി പൊന്മാന്നൂർ റോഡിലെ കാടുതെളിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി ആരോപിച്ചു.
എത്രയും വേഗം ഈ റോഡിലെ കുറ്റിക്കാട് തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് ജനകീയവേദി നിവേദനം നൽകി. സജി ചേരൂർ, ഇ.ശമുവേൽ, ജെയിംസ്, ഡോ. സന്തോഷ് തര്യൻ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി , അഡ്വ. വെളിയം അജിത് എന്നിവർ സംസാരിച്ചു.