kili

അഭ്യസ്ഥവിദ്യരായ യുവാക്കൾക്ക് സ്ഥിരം ജോലി ലഭിക്കുന്നതിന് മുമ്പുള്ള താത്‌കാലിക ആശ്വാസമായിരുന്നു സ്വകാര്യ തൊഴിലിടങ്ങൾ. എന്നാൽ കൊവിഡാനന്തരം വരുമാനനഷ്ടം ഇരട്ടിച്ചതോടെ പല തൊഴിലിടങ്ങളും ഇല്ലാതായി. ഒപ്പം തൊഴിലാളികളുടെ എണ്ണവും വെട്ടിക്കുറച്ചു. തൊഴിലന്വേഷകരിൽ പലരും തഴയപ്പെടുന്ന അവസ്ഥയാണ്. നഷ്ടമായ തൊഴിൽ മേഖലകളെക്കുറിച്ചുള്ള പരമ്പര ഇന്ന് മുതൽ

കൊല്ലം: കൊവിഡിനെ തുടർന്നുണ്ടായ വരുമാന നഷ്ടത്തിൽ ബസ് മുതലാളിമാരുടെ പോക്കറ്റ് ചോർന്നതോടെ സ്വകാര്യ ബസുകളിലെ 'കിളി"കളും കൂടൊഴിഞ്ഞു.

സ്വകാര്യ സ്റ്റേജ് കാരിയേജുകളിൽ കൊവിഡിന് മുമ്പ് ഒരു ബസിൽ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ കൊവിഡാനന്തരം രണ്ടായി ചുരുങ്ങി. 'കിളി' എന്ന് വിളിപ്പേരുള്ള ക്ളീനറും കണ്ടക്ടറുടെ സഹായിയായ ബാക്ക് ഡോർ കണ്ടക്ടറുമാണ് ചേക്കൊഴിഞ്ഞത്.

സ്റ്റേജ് കാരിയേജുകളിൽ കൂടുതലും വിദ്യാസമ്പന്നരായ യുവാക്കളാണ് ജോലിചെയ്തിരുന്നത്. ടൂറിസ്റ്റ്, കോൺട്രാക്ട് ബസുകളിലെ സാദ്ധ്യതയും ചെറുതല്ല. കിളിയായി ജോലിയിൽ പ്രവേശിക്കുന്നവർ വാഹനത്തിന്റെ മെക്കാനിക്കൽ വശങ്ങൾ പഠിച്ച ശേഷമാണ് കണ്ടക്ടർ, ഡ്രൈവർ എന്നിങ്ങനെ പടിപടിയായി ഉയരുന്നത്.

എന്നാലിപ്പോൾ രണ്ട് ജീവനക്കാരെ വച്ചാണ് സർവീസ് നടത്തുന്നത്. മാത്രമല്ല, മിക്ക ബസുകളിലും ജീവനക്കാരിൽ ഒരാൾ ഉടമ തന്നെയായിരിക്കും. ആയിരത്തോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ജില്ലയിൽ മാത്രം ഇത്തരത്തിൽ പ്രതിദിനം രണ്ടായിരത്തിലേറെ പേരുടെ തൊഴിൽ നഷ്ടമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

'കിളി"കൾ മികച്ച ഡ്രൈവർമാർ

1. ബസ്, ലോറി ക്ളീനർമാർ ആദ്യം വാഹനത്തിന്റെ പ്രവർത്തനം പഠിക്കും

2. പിന്നീട് സർവീസ് നടത്തുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും

3. മികച്ച ഡ്രൈവർമാരാകുന്നത് ക്ളീനർ ജോലി ചെയ്തവർ

4. ക്ളീനർ ഡ്രൈവറാകുമ്പോൾ അപകടസാദ്ധ്യത കുറവെന്ന് മോട്ടോർ വാഹനവകുപ്പ്

ജില്ലയിൽ സ്വകാര്യബസുകൾ - 1100

പ്രതിദിന തൊഴിൽ നഷ്ടം - 2200

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് - 12,000 (ഔദ്യോഗിക കണക്ക്)

പ്രതിദിന തൊഴിൽ നഷ്ടം: 24,000

ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നത് കൊവിഡാനന്തര വരുമാന നഷ്ടത്തെ തുടർന്നാണ്. പല സ്വകാര്യ ബസുടമകളും ജീവനക്കാരിൽ ഒരാളായി മാറുന്ന അവസ്ഥയാണ്.

സ്വകാര്യ ബസുടമകൾ