ശാസ്താംകോട്ട കായൽ തീരത്ത് 2.25 കോടിയുടെ പദ്ധതി
കൊല്ലം: ശാസ്താംകോട്ട കായൽ കേന്ദ്രമാക്കി പടിഞ്ഞാറേ കല്ലട പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമർപ്പിച്ച 2.25 കോടി രൂപയുടെ ഗ്രാമീണ ടൂറിസം പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം. പഞ്ചായത്തിലെ വലിയപാടം കിഴക്ക്, കടപുഴ വാർഡുകളെ തടാകവുമായി വേർതിരിക്കുന്ന രണ്ട് കിലോമീറ്റർ ബണ്ട് വിപുലീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതുകൂടാതെ, വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുളള 80 സെന്റ് ഭൂമിയും പദ്ധതിയുടെ ഭാഗമാകും. ഗ്രാമ പഞ്ചായത്ത്, ടൂറിസം വകുപ്പ്, ജൈവവൈവിദ്ധ്യ ബോർഡ്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയും പദ്ധതിയിൽ പങ്കാളികളാവും. സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ച ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ നൽകിയ അപേക്ഷയിലാണ് സർക്കാർ അനുമതി നൽകിയത്. ടൂറിസം വകുപ്പിന്റെയും എം. പി ഫണ്ടിന്റെയും സാങ്കേതിക അനുമതി ലഭിച്ചാലുടൻ ജോലികൾ ആരംഭിക്കും.
ബണ്ട് നടത്തം
ബണ്ട് റോഡിലൂടെയുളള കാൽ നടയാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഇതിനായി റോഡ് നവീകരിച്ച് ടൈൽ പാകി മനോഹരമാക്കും. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കും. കായൽ, പൂപ്പാടങ്ങൾ, നെൽപ്പാടങ്ങൾ എന്നിവയുടെ ദൃശ്യഭംഗി യാത്രയിൽ ആസ്വദിക്കാം. അപൂർവ്വ ദേശാടന പക്ഷികളുടെ സങ്കേതമായ കാരാളി ചതുപ്പ് , പുരാതന കാവുകൾ, ചെറുവളളത്തിലെ കായൽ തുടങ്ങിയവ പ്രധാന ആകർഷണമാകും.
....................................
തീരം മനോഹരമാക്കും
റോഡ്, കായൽ ബണ്ട് നവീകരണം
ബണ്ട് റോഡിൽ വിളക്ക് സ്ഥാപിക്കൽ
കൽപ്പടവുകൾ
വിശ്രമ ഇരിപ്പിടങ്ങൾ
കുടിവെളളം, ടോയ്ലറ്റ്
കുട്ടികൾക്കായി കളിസ്ഥലങ്ങൾ
മിനി പാർക്ക്
കായൽ സവാരിക്ക് ഇലക്ട്രിക് ബോട്ടുകൾ
ലഘുഭക്ഷണ ശാലകൾ
കരകൗശല വിപണന കൗണ്ടർ
............................................
ഫണ്ട് വിഹിതം
തൊഴിലുറപ്പ് പദ്ധതി വിഹിതം: 6,29,538
കെ.സോമപ്രസാദിന്റെ എം.പി ഫണ്ട്: 7.50 ലക്ഷം
ടൂറിസം വകുപ്പ് : 50 ലക്ഷം
ജൈവവൈദ്ധ്യ ബോർഡ് : 10 ലക്ഷം
പഞ്ചായത്ത് വിഹിതം: 25,70,462
ആകെ: 2.25 കോടി.
............................................
പടിഞ്ഞാറേ കല്ലട പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ജനങ്ങളുടെ മാനസികോല്ലാസത്തിനും വരുമാന വർദ്ധനയ്ക്കും ഇത് സാഹചര്യമൊരുക്കും
ഡോ.സി. ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്