link-road

കൊല്ലം: നിർമ്മാണം പൂർത്തിയായ ലിങ്ക് റോഡിന്റെ മൂന്നാംഘട്ട ഉദ്‌ഘാടനം നിക്ഷിപ്ത താത്പര്യക്കാരുടെ പിടിവാശി മൂലം നീളുന്നു. അഷ്ടമുടി കായലിന് മുകളിലൂടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ഓലയിൽക്കടവ് വരെ ഫ്ലൈഓവർ പാലമായാണ് മൂന്നാംഘട്ടം നിർമ്മിച്ചിട്ടുള്ളത്. പണി പൂർത്തിയായി ഒരുമാസത്തോളമായിട്ടും ഉദ്‌ഘാടനം മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. മൂന്നാംഘട്ട ഉദ്‌ഘാടനത്തോടൊപ്പം തോപ്പിൽക്കടവ് വരെയുള്ള നാലാംഘട്ട നിർമ്മാണോദ്ഘാടനം കൂടി നടത്താനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. നിർമ്മാണത്തിൽ അനാവശ്യമായ സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തുകയും നാലാം ഘട്ടവുമായി ബന്ധപ്പെടുത്തി കുരീപ്പുഴയിലേക്ക് മറ്റൊരു പാലത്തിനായുള്ള ആവശ്യവും ഉയർന്നതോടെ പദ്ധതിയ്ക്ക് തടസം നേരിടുകയായിരുന്നു. എം.മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ കിഫ്‌ബി ടെക്നിക്കൽ കമ്മിറ്റിയുടെ പരിശോധനയിൽ ഉയർന്നുവന്ന സാങ്കേതിക പ്രശ്നങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും നാലാംഘട്ട അനുമതിയും മൂന്നാംഘട്ട ഉദ്‌ഘാടനവും അനന്തമായി നീളുകയാണ്.

നാലാംഘട്ടത്തിൽ ഉയർന്നത്

1. തേവള്ളി പാലത്തിന് താഴെക്കൂടി കടന്നുപോകുന്ന ലിങ്ക്റോഡും പാലവും തമ്മിൽ ഉയരത്തിന്റെ പ്രശ്നമുണ്ടാകും

2. തേവള്ളി എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വഴി കടന്നുപോകുന്ന രീതിയിൽ രൂപകൽപ്പന മാറ്റണം

3. കുരീപ്പുഴ പാണാമുക്കം കടവുമായി ലിങ്ക് റോഡ് ബന്ധിപ്പിക്കണം

4. തേവള്ളിയിൽ നിന്ന് ലിങ്ക് റോഡിലേക്ക് അപ്രോച്ച് റോഡ് വേണം

മൂന്നാംഘട്ടത്തിലെ പോരായ്മ

മൂന്നാം ഘട്ടം എത്തിച്ചേരുന്ന ഓലയിൽക്കടവിൽ നിന്ന് രാമവർമ്മ ക്ലബ്, കൊച്ചുകൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ വീതിക്കുറവ് വലിയ വാഹനങ്ങൾക്ക് ഇരുവശങ്ങളിലെക്കും സുഗമമായി സഞ്ചരിക്കുന്നതിന് തടസമാകും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മുതൽ കൊച്ചുകൊടുങ്ങല്ലൂർ വരെയുള്ള യാത്രയിൽ താലൂക്ക് ഓഫീസ് വഴി സഞ്ചരിക്കുന്നതിനേക്കാൾ ലിങ്ക് റോഡ് വഴി വരുമ്പോൾ ഒരു കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ടി വരുന്നതും പോരായ്മയായി ചൂണ്ടിക്കാണിക്കുന്നു.

# മൂന്നാംഘട്ടം: 1,180 മീ​റ്റർ നീളം

ഫ്ലൈഓവർ: 1,100 മീ​റ്റർ

റോഡിന്റെ വീതി: 7.5 മീ​റ്റർ

നടപ്പാത: 1.5 മീ​റ്റർ (ഇരുവശവും)

നിർമ്മാണ ചെലവ്: 114 കോടി രൂപ

നാലാം ഘട്ടം: ഓലയിൽക്കടവ്- തോപ്പിൽക്കടവ്

നിർമ്മാണ ചെലവ്: 150 കോടി

'' കിഫ്‌ബി ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി പരിശോധിക്കുകയും നാലാംഘട്ട നിർമ്മാണത്തിന് സാങ്കേതിക തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അനുമതി വൈകുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും നാലാംഘട്ട പ്രവൃത്തികളുടെ അനുമതി വേഗത്തിൽ ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. മൂന്നാംഘട്ട ഉദ്‌ഘാടനം വൈകാതെ തന്നെയുണ്ടാകും- എം. മുകേഷ് എം.എൽ.എ

'' മൂന്നാംഘട്ട ലിങ്ക് റോഡ് നിർമ്മാണം പൂർത്തിയാക്കുകയും ഗതാഗതത്തിന് സജ്ജമാകുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ മണ്ണ് മാറ്റുന്ന പ്രവൃത്തികൾ മാത്രമാണുള്ളത്. ഉദ്‌ഘാടനത്തിന് സജ്ജമാണെന്ന് മന്ത്രി മുഹമ്മദ് റിയാസിനെയും എം. മുകേഷ് എം.എൽ.എയെയും അറിയിച്ചിട്ടുണ്ട്.- എം.പി. വിഷ്ണു, എക്സി. എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്