
കൊല്ലം: ചിന്നക്കടയിൽ അപകടത്തിൽപ്പെട്ട് ചോരവാർന്ന് കിടന്നയാളെ സ്ഥലത്തുണ്ടായിരുന്നവർ വെപ്രാളപ്പെട്ട് ആംബുലൻസിലേക്ക് കയറ്റുന്നു. അംബുലൻസിനുള്ളിലെ സ്ട്രച്ചറിൽ നിന്ന് പരിക്കേറ്റയാൾ ചാടിയെഴുന്നേറ്റ് പറഞ്ഞു, 'ഇങ്ങനെയല്ല രക്ഷാപ്രവർത്തനം. അതിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ". ഇത് കേട്ടപ്പോഴാണ് ചുറ്റും തടിച്ചുകൂടിയവർ മോക്ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞത്.
വേൾഡ് ട്രോമാ ഡേയുടെ ഭാഗമായി ട്രാക്കും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് രാവിലെ പത്തരയോടെ മോക് ഡ്രിൽ സംഘടിപ്പിച്ചത്. കാറിടിച്ച് പരിക്കേറ്റ് റോഡിൽ കിടക്കുന്ന ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിക്കുന്നതായിരുന്നു മോക് ഡ്രിൽ. ട്രാക്ക് പ്രസിഡന്റ് ആർ. ശരത്ചന്ദ്രൻ നേതൃത്വം നൽകി. സംഭവ സ്ഥലത്ത് തടിച്ചുകൂടിയവർക്ക് മെയിൽ നഴ്സുമാരായ മുകേഷ്, അജേഷ് പണിക്കർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. ട്രാക്ക് എക്‌സി. അംഗങ്ങളായ ജലീൽ, ഗിരികൃഷ്ണൻ, സന്തോഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.