കരുനാഗപ്പള്ളി: പ്രശസ്തരായ ഗാനരചയിതാക്കളുടെയും സംവിധായകരുടെയും ഗാനങ്ങൾ പ്രമുഖ ഗായകരും സംഗീത വിദ്യാർത്ഥികളും ആലപിക്കുന്ന പാട്ടുത്സവം കരുനാഗപ്പള്ളി ടൗൺ ക്ലബിൽ
20 ന് ആരംഭിച്ച് 24 ന് സമാപിക്കും. ടി.എ.റസാഖ് ഫൗണ്ടേഷൻ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം 20ന് വൈകിട്ട് 6ന് സംവിധായകൻ സിബിമലയിൽ ഉദ്ഘാടനം ചെയ്യും. സി ആർ മഹേഷ് എം.എൽ.എ, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, രാജീവ് ചുങ്കത്ത് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് ഗായിക അപർണ രാജീവ് ഉൾപ്പെടെയുള്ളവർ ഒ.എൻ.വിയുടെ ഗാനങ്ങളും ബാബുക്കയുടെ ഗസലുകളും ആലപിക്കും.
21ന് വൈകിട്ട് 6 ന് വയലാർ കവിതയിലെ ദേവരാഗം ഗാനസന്ധ്യ നടക്കും. വയലാർ ശരത്ചന്ദ്രവർമ്മ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവർ മുഖ്യഅതിഥികളാകും. 22ന് വൈകിട്ട് 6 ന് രവീന്ദ്രസംഗീതവും ജോൺസൺ മെലഡികളും അവതരിപ്പിക്കും. സജി ചെറിയാൻ എം.എൽ.എ, സംവിധായകൻ സിയാദ് കോക്കർ, അനിൽ വി. നാഗേന്ദ്രൻ, ആദിനാട് ശശി എന്നിവർ മുഖ്യാതിഥികളാകും. 23 ന് വൈകിട്ട് 6 ന് സംഗീതമീ ജീവിതം; ലതാമങ്കേഷ്കറും എസ് പി.ബാലസുബ്രഹ്മണ്യവും എന്ന പരിപാടിയിൽ
എ.എം. ആരിഫ് എം.പി, സിനിമാതാരം മേനക സുരേഷ്, ഗാനരചയിതാവ് റഫീക്ക് അഹമ്മദ് എന്നിവർ മുഖ്യാതിഥികളാകും.സമാപന ദിവസമായ 24 ന് വർത്തമാന കാല ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ സ്വരസംഗമത്തിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സിനിമാതാരവുമായ പ്രേംകുമാർ, മുൻ എം.പി അഡ്വ. കെ സോമപ്രസാദ്, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. ടി.എ.റസാഖ് ഫൗണ്ടേഷൻ ചെയർമാൻ റെജി ഫോട്ടോ പാർക്ക് , സെക്രട്ടറി സജീവ് മാമ്പറ, വൈസ് പ്രസിഡന്റ് സുരേഷ് വിശാഖം, രാജു ആതിര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.