കൊല്ലം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സുനാമി ഫ്ളാറ്റിലെ താമസക്കാരനായ ജോൺസനെ (30) ആക്രമിച്ച ഇരവിപുരം ഇടക്കുന്നം നിലമേൽ തൊടിയിൽ രാഹുൽ (28), ഇരവിപുരം ഇടക്കുന്നം സ്‌നേഹതീരം സുനാമി ഫ്ളാറ്റിൽ രാജീവ് (29) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാത്രി 9ഓടെ ജോൺസൺ വീട്ടിലേക്ക് പോകുന്ന വഴിക്ക് പ്രതികൾ അസഭ്യം വിളിക്കുകയും ചോദ്യം ചെയ്ത വിരോധത്തിൽ ജോൺസനെ തടിക്കഷണം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോൺസൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊല്ലം അസി. കമ്മിഷണർ എ. അഭിലാഷിന്റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ ജയേഷ്, അരുൺഷ, എ.എസ്.ഐ പ്രസന്നൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.