പുനലൂർ: വിദ്യാർത്ഥി പ്രസ്ഥാനകാലം മുതലുണ്ടായിരുന്ന ഹൃദയബന്ധത്തിന്റെ കണ്ണിയാണ് അറ്റുപോയതെന്ന് അന്തരിച്ച മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പുനലൂർ മധുവിന്റെ വീട് സന്ദർശിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി.വേണുഗോപാൽ പറഞ്ഞു.
വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി, കെ.പി.സി.സി അംഗം, ദേവസ്വം ബോർഡ് അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോഴും നാടിന്റെ വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച അത്യുജ്ജ്വല മാതൃകയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും നിറപുഞ്ചിരിയോടെ നേരിട്ട് സംഘടനയ്ക്ക് ഊർജ്ജവും ആർജ്ജവവും പകർന്ന പാർട്ടിക്ക് പകരം വെക്കാനില്ലാത്ത കരുത്തുറ്റ നേതാവായിരുന്നെന്നും
വ്യക്തിപരമായ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിട്ട അനുഭവങ്ങൾ ഓർത്ത് പോകുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, പ്രതാപചന്ദ്രൻ, കെ.ശശിധരൻ, ഏരൂർ സുഭാഷ്, നെൽസൺ സെബാസ്റ്റ്യൻ, സൈമൺ അലക്സ്,സഞ്ജു ബുഖാരി, സഞ്ചയ്ഖാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ, എൻ.അജീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.