കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പരവുർ മീനാട് കിഴക്കുംകര ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷാഫി (24), മീനാട് തൊടിയിൽ അച്ചു (23), മീനാട് വട്ടവിള പടിഞ്ഞാറ്റതിൽ ബിജീഷ് (22) എന്നിവരാണ് പരവൂർ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 7.30 ഓടെ പോളച്ചിറ പാലത്തിൽ വച്ചായിരുന്നു ആക്രമണം. ചിറക്കര പണയിൽചേരി സ്വദേശിയായ മിഥുൻ രാജ്, സുഹൃത്തുക്കളായ വിഷ്ണു, അനീഷ്, ഉണ്ണിക്കുട്ടൻ, കുട്ടു എന്നിവർക്കുമാണ് പരിക്കേറ്റത്. ഒന്നാംപ്രതിയായ ഷാഫിയും മിഥുന്റെ കുട്ടുകാരും തമ്മിലുള്ള തർക്കത്തിൽ വിഷ്ണു ഇടപെട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്. ഷാഫി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിഷ്ണുവിനെയും കൂടെയുള്ളവരെയും കുത്തുകയായിരുന്നു. രണ്ടും മൂന്നും പ്രതികൾ കമ്പ് കൊണ്ട് യുവാക്കളെ അടിച്ചു. ചാത്തന്നൂർ അസി. കമ്മിഷണർ ഗോപകുമാറിന്റെ നിർദേശാനുസരണം പരവൂർ ഇൻസ്‌പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ എസ്‌.ഐ നിഥിൻ നളൻ, എ.എസ്.ഐ രമേശൻ, സി.പി.ഒ പ്രേംലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.