കുന്നത്തൂർ : മോട്ടോർ വാഹനവകുപ്പിന്റെ 'ഓപ്പറേഷൻ ഫോക്കസ് ത്രീ ' യുടെ ഭാഗമായി കുന്നത്തൂർ താലൂക്കിൽ നടന്ന പരിശോധനയിൽ 145 വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും 2,61000 രൂപ പിഴ ചുമത്തുകയും ചെയ്തു. നാല് റൂട്ട് ബസുകൾ, രണ്ട് ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 10 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. രൂപമാറ്റം വരുത്തിയതും അനധികൃതമായി ലൈറ്റുകൾ, എയർ ഹോൺ എന്നിവ വച്ചുപിടിപ്പിച്ച 18 വാഹനങ്ങൾക്കെതിരെ കേസെടുത്തു. പരിശോധനയ്ക്കിടെ നിർത്താതെ പോയ നാല് വാഹനങ്ങളുടെയും സുരക്ഷിതമല്ലാതെ വാഹനങ്ങളോടിച്ച എട്ട് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കി.
കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ ശരത്ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എം.വി.ഐ മാരായ എസ്. ശ്യാം ശങ്കർ,ഡി.വേണുകുമാർ, ബി.ഷാജഹാൻ, എ.എം.വി.ഐ മാരായ പി.ഷിജു, എസ്.അയ്യപ്പദാസ്, എ.അനസ് മുഹമ്മദ്, റോബിൻ മെൻഡസ്, ജിപ്സൻ,ശ്രീകുമാർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.