കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ കെ.എസ്.യു.- എസ്.എഫ്.ഐ സംഘർഷം. കെ.എസ്.യു പ്രവർത്തകരായ മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്. കെ.എസ്.യു കോളേജ് യൂണിയൻ പ്രസിഡന്റ് ഇജാസ് (19 ), ജനറൽ സെക്രട്ടറി ജസ്റ്റിൻ (19), യൂണിറ്റ് വെെസ് പ്രസിഡന്റ് ജാേത്സ്ന (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാെട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജസ്റ്റിനെ കെ.എസ്.യു പ്രവർത്തകർ തിരഞ്ഞെടുത്തിരുന്നു. ഇതിൽ പ്രകാേപിതരായ എസ്.എഫ്.ഐക്കാർ സ്കൂൾ പരിസരത്ത് വച്ച് ജസ്റ്റിനെ റാഗിംഗ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ടുകാെണ്ട് വന്ന ഇജാസ് അക്രമികളെ പിടിച്ച് മാറ്റുന്നതിനിടെ ഇജാസിനും മർദ്ദനമേറ്റു. ഇജാസിന്റെ കണ്ണിന് സാരമായി പരിക്കേറ്റു. തുടർന്ന് പാെലീസിൽ പരാതി നൽകുന്നതിനായി ഇവർ കാേളജ് ഗേറ്റിന് പുറത്തിറങ്ങിയപ്പാേൾ ഇരുപതിൽപരം എസ്.എഫ്.ഐ പ്രവർത്തകർ ഇജാസിനെയും ജസ്റ്റിനെയും വളഞ്ഞിട്ട് മർദ്ദിച്ചു. ഇത് മാെബെെലിൽ ചിത്രീകരിക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകയായ ജാേത്സ്നയെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ആരോപണം. തുടർന്ന് വലിയ തോതിൽ സംഘർഷമായതോടെയാണ് പൊലീസ് എത്തി പ്രശ്നങ്ങൾക്ക് അയവുണ്ടാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അക്രമണം നടന്നതെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിക്കുന്നു. അതേ സമയം കെ.എസ്.യു പ്രവർത്തകർ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് സാധാരണയുള്ള നുണപ്രചാരണങ്ങളാണെന്നും എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു.