photo
കാട് മൂടി തകർന്ന് വീഴാറായ റെയിൽവേ ക്വാർട്ടേഴ്സുകൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ റെയിൽവേ ക്വാർട്ടേഴ്സുകൾ വിഷപ്പാമ്പുകളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാര കേന്ദ്രമായി മാറുന്നു. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ക്വാർട്ടേഴ്സുകൾ കാട് പിടിച്ച് തകർന്ന് വീഴാറായ നിലയിലായിട്ടും പൊളിച്ച് നീക്കാനുള്ള ശ്രമങ്ങളൊന്നും റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

സ്ഥിരവാസമാക്കി വിഷപ്പാമ്പുകൾ

വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന ക്വാർട്ടേഴ്സുകളിൽ പാഴ് മരങ്ങളൾ വളർന്ന് മേൽക്കൂടുകൾ തകർത്ത് പുറത്ത് വന്ന നിലയിലാണ്. ക്വാർട്ടേഴ്സിന് സമീപത്തുള്ള അപ്രോച്ച് റോഡിന്റെ ഇവരുവശങ്ങളിലും പുൽക്കാടുകളും പാഴ് മരങ്ങളും വളർന്ന് നിൽക്കുന്നിടം ഉഗ്ര വിഷമുള്ള പാമ്പുകളുടെ കേന്ദ്രമാണ്. പകൽ സമയങ്ങളിൽ പോലും യാത്രക്കാർ ഇതു വഴി റെയിൽവേ സ്റ്റേഷനിലേക്ക് വരാൻ ഭയപ്പെടുന്നു.

താഴ് വീണിട്ട് കാൽ നൂറ്റാണ്ട്

10 കുടുംബങ്ങൾക്ക് താമസിക്കാവുന്ന 7 ക്വാർട്ടേഴ്സുകളും ഡിവിഷണൽ സ്റ്റോർ ഗോഡൗണുമാണുള്ളത്. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ആറര പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കി റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും യാത്രാ സൗകര്യം മെച്ചപ്പെട്ടതോടെയുമാണ് ജീവനക്കാർ ക്വോർട്ടേഴ്സ് ജീവിതം ഉപേക്ഷിച്ചത്. ക്വാർട്ടേഴ്സുകൾക്കും ഡിവിഷണൽ സ്റ്റോർ ഗോഡൗണിനും താഴ് വീണിട്ട് കാൽ നൂറ്റാണ്ടിലേറെയായി.

സാമൂഹ്യ വിരുദ്ധരുടെ താവളം

ക്വാർട്ടേഴ്സുകൾ പുൽക്കാടുകൾ വളർന്ന് മറയ്ക്കപ്പെട്ടിരിക്കുന്നതാണ് സാമൂഹ്യ വിരുദ്ധർക്ക് സഹായമാകുന്നത്. ക്വാർട്ടിഴ്സിന് പിന്നിൽ നിൽക്കുന്നവരെ പകൽ സമയങ്ങളിൽ റോഡിലൂടെ നടന്ന് പോകുന്നവർക്ക് പോലും കാണാൻ സാധിക്കില്ല. രാത്രിയിൽ ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും പരാതിയുണ്ട് .

രാത്രിയിൽ പൊലീസ് ഇതുവഴി പെട്രോളിംഗ് നടത്തണം. റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ ചെത്തി മാറ്റാൻ റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

പ്രദേശവാസികൾ