
നിർദേശവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം
കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിന് പത്ത് നിർദേശങ്ങൾ മുന്നോട്ടുവച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. നിർദേശങ്ങളിൽ പലതും നേരത്തെ പലതവണ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. ഇവ പൂർണമായും സജ്ജമാക്കാതെയാണ് സംസ്ഥാന സർക്കാർ എമിഗ്രേഷൻ പോയിന്റിനായി അപേക്ഷ നൽകിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
പോർട്ടിന്റെ പ്രവർത്തന പരിധിക്ക് ചുറ്റും ഉയരത്തിലുള്ള ചുറ്റുമതിൽ, നിരീക്ഷണ കാമറ സംവിധാനം, പോർട്ടിനോട് ചേർന്നുള്ള മത്സ്യത്തൊഴിലാളി ഷെഡുകൾ ഒഴിപ്പിക്കൽ തുടങ്ങിയവ നേരത്തെ പലതവണ കേന്ദ്ര അഭ്യന്തര മന്ത്രാലയം നിർദേശിച്ചതാണ്. നിരീക്ഷണ കാമറ, കൂടുതൽ ഉയരത്തിൽ ചുറ്റുമതിൽ എന്നിവ വൈകാതെ പൂർത്തിയാകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ ജൂണിൽ അപേക്ഷ നൽകിയത്. പക്ഷെ ഇതുവരെ നടപ്പായില്ല.
1. പോർട്ടിന്റെ അധികാര പരിധി മതിൽ കെട്ടിത്തിരിച്ച് പ്രൊഹിബിറ്റഡ് ഏരിയ എന്ന ബോർഡ് സ്ഥാപിക്കണം
2. പോർട്ടിനോട് ചേർന്നുള്ള മത്സ്യത്തൊഴിലാളികളുടെ താത്കാലിക ഷെഡുകൾ നീക്കണം
3. സൂക്ഷ്മമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, ചുറ്റുമതിലുകളുടെ ഉയരം വർദ്ധിപ്പിക്കണം
4. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയോ അല്ലെങ്കിൽ സീ പോർട്ട് അതോറിറ്റി പ്രത്യേകം ജീവനക്കാരെയോ സുരക്ഷയ്ക്കായി നിയോഗിക്കണം
5. പോർട്ടിന്റെ പ്രവർത്തന മേഖലയുടെയും സുരക്ഷാ ക്രമീകരണങ്ങളുടെയും പ്രത്യേക ഡിസൈൻ തയ്യാറാക്കി പ്രദർശിപ്പിക്കണം
6. കാർഗോയും യാത്രക്കാരെയും പരിശോധിക്കാനുള്ള ഉപകരണങ്ങൾ സജ്ജമാക്കണം
7. എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് താമസത്തിനുള്ള സൗകര്യം ഒരുക്കണം
8. മാരിടൈം ബോർഡ് സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം
9. പോർട്ടിൽ പൂർണമായും നിരീക്ഷണ കാമറ സംവിധാനം ഏർപ്പെടുത്തണം
10. രണ്ട് ഇൻസ്പെക്ടർമാർ സഹിതം 14 സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസിൽ നിന്ന് നിയോഗിക്കണം
കേന്ദ്ര ആഭ്യന്തര, ഷിപ്പിംഗ് മന്ത്രാലയങ്ങൾ നിർദേശിച്ച സൗകര്യങ്ങളും ക്രമീകരണങ്ങളും വേഗത്തിൽ ഒരുക്കും. ഇത് സംബന്ധിച്ച നടപടികൾ വിലയിരുത്താൻ ഇന്ന് കൊല്ലം പോർട്ടിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
എം.മുകേഷ് എം.എൽ.എ