പുനലൂർ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ട പരാതികൾക്കും ആക്ഷേപങ്ങൾക്കും ഒരു കുറവുമില്ല.
പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളിയിൽ 200 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങിയതും പുനലൂർ ടിബി ജംഗ്ഷൻ മുതൽ ബി.ബി.എസ്റ്റേറ്റ് വരെയുള്ള ഗതാഗതം ദുരിത പൂർണമായതുമാണ് പ്രധാന പ്രശ്നങ്ങൾ.
വാട്ടർ അതോറിട്ടിയുടെ അനാസ്ഥ
ഒന്നര വർഷം മുമ്പ് ആരംഭിച്ച റോഡ് നവീകരണ ജോലികൾക്കിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പുലൈനുകൾ യഥാസമയങ്ങളിൽ പുനസ്ഥാപിക്കാൻ വൈകിയതാണ് ജല വിതരണം മുടങ്ങാൻ കാരണം. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇക്കഴിഞ്ഞ 11ന് നഗരസഭ ഹാളിൽ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് രണ്ട് ദിവസത്തിനകം കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന് വാർഡ് കൗൺസിലർ നിർമ്മല സത്യന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഉറപ്പ് നൽകി ഒരാഴ്ച കഴിഞ്ഞിട്ടും ജലവിതരണം പൂർണ തോതിൽ ആരംഭിക്കാൻ വാട്ടർ അതോറിട്ടിക്ക് കഴിഞ്ഞില്ല. മൂന്ന് ദിവസം മുമ്പ് പല തവണ ജലവിതരണം നടത്തിയെങ്കിലും പൈപ്പ് പൊട്ടലിനെ തുടർന്ന് വീണ്ടും നിലച്ചു. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നിർമ്മാണ ജോലികളിൽ ഇടപെടാത്തതാണ് ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ. നഗരസഭയുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം ടാങ്കർ ലോറിയിൽ കൊണ്ടു വരുന്ന കുടിവെള്ളം ശേഖരിച്ച് ഭക്ഷണം പാചകം ചെയ്യേണ്ട സ്ഥിതിയാണ്.
ദുരിത യാത്ര
ടി.ബി ജംഗ്ഷൻ വരെയുള്ള ടാറിംഗ് ജോലികൾ അനന്തമായി നീളുകയാണ്. നെല്ലിപ്പള്ളിയിൽ രണ്ടിടങ്ങളിൽ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു വീണു. ഇതിൽ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് സമീപത്തെ കല്ലടയാറിന്റെ തീരത്ത് സ്ഥാപിച്ച കൂറ്റൻ ഗാബിയൻ ഭിത്തിയുടെ പുനർ നിർമ്മാണ ജോലികൾ നീണ്ട് പോകുകയാണ്. ഇത് പുനർ നിർമ്മിച്ചാൽ മാത്രമെ റോഡ് നവീകരണം യാഥാർത്ഥ്യമാകൂ. പാതയുടെ മദ്ധ്യഭാഗത്ത് വരെ മണ്ണ് നിരത്തിയത് കാരണം ഗതാഗതം ഭാഗീകമായി മുടങ്ങിയിട്ടുണ്ട്.
ജോലികൾ ഇഴഞ്ഞ് നീങ്ങുന്നു
കെ.എസ്.ടി.പിയുടെ നിയന്ത്രണത്തിലാണ് നവീകരണ ജോലികൾ നടക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെ കടന്ന് പോകുന്ന പാതയിലെ ഒന്നാം റീച്ചായ പുനലൂർ മുതൽ കോന്നി വരെയുള്ള 29.84 കിലോമീറ്റർ ദൂരത്തെ ജോലികളാണ് നടക്കുന്നത്. ഇതിൽ പുനലൂർ ടി.ബി.ജംഗ്ഷൻ മുതൽ മുക്കടവ് വരെയുള്ള ഭാഗത്തെ ജോലികളാണ് ഇഴഞ്ഞ് നീങ്ങുന്നത്. എന്നാൽ ശബരിമല സീസൺ ആരംഭിക്കുന്നത് കണക്കിലെടുത്ത് നവീകരണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നെല്ലിപ്പള്ളി പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അടിയന്തരമായി പരിഹരിക്കണം. ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന ശുദ്ധജല വിതരണം പുനരാരംഭിക്കണം. ഗതാഗതം ദുഷ്കരമായി മാറിയ റോഡ് റീ ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണം.
സി.വി.സന്തോഷ് കുമാർ, സെക്രട്ടറി,
എസ്.എൻ.ഡി.പി യോഗം
3157-ാം നമ്പർ നെല്ലിപ്പള്ളി ശാഖ കമ്മിറ്റി
ടി.ബി ജംഗ്ഷൻ മുതൽ മുക്കടവ് വരെയുള്ള ഭാഗത്തെ നവീകരണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കണം. പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിത യാത്രക്ക് അറുതി വരുത്താനും നെല്ലിപ്പള്ളി വാർഡിലെ കുടിവെള്ള വിതരണം പുനരാരംഭിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.
ഒ.തോമസ്, ഏജന്റ്,കേരളകൗമുദി, നെല്ലിപ്പള്ളി,കല്ലാർ