taxi

കൊല്ലം: സ്വയം തൊഴിൽ മാർഗമെന്ന നിലയിൽ യുവാക്കൾ കൂടുതലായി തിരഞ്ഞെടുത്തിരുന്ന മേഖലകളിലൊന്നാണ് ടൂറിസ്റ്റ് ടാക്സി സർവീസുകൾ. യാത്രക്കാരെ കാത്തുകിടക്കുന്ന ടാക്സി സ്റ്റാൻഡുകൾ നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയാണ്.

എന്നാൽ ഓൺലൈൻ ക്യാബ് സർവീസുകളും ചില ടൂർ ഓപ്പറേറ്റർമാർ നടത്തുന്നവയും ഒഴികെ ടൂറിസ്റ്റ് ടാക്സി സർവീസുകൾ പൂർണമായും അരങ്ങൊഴിഞ്ഞു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നേരത്തെ സജീവമായിരുന്ന ടാക്സി സർവീസുകളും അപ്രത്യക്ഷമായി.

നേരത്തെ ടാക്സി പെർമിറ്റുകളായി രജിസ്റ്റർ ചെയ്തിരുന്ന പല വാഹനങ്ങളും നിലവിൽ സ്വകാര്യ വാഹനമെന്ന തലത്തിലേക്ക് രജിസ്‌ട്രേഷൻ മാറ്റിയിട്ടുണ്ട്. ടാക്സി സർവീസ് നടത്താനായി നിലവിൽ പെർമിറ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ പകുതിയിലധികവും നേരത്തെ കോൺട്രാക്ട് കാരിയേജ് ഗണത്തിലായിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ളവയുടെ എണ്ണം കുറഞ്ഞുവെന്ന് മാത്രമല്ല ഇരുചക്രവാഹനങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുമുണ്ടായി.

മുൻ വർഷത്തേക്കാൾ പുതുതായിറങ്ങുന്ന ഓട്ടോറിക്ഷകളുടെ എണ്ണത്തിലും നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. ടാക്സി സർവീസുകളിലുണ്ടായ കുറവ് ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുണ്ടായ തൊഴിൽ നഷ്ടത്തിന്റെ കണക്കും ചെറുതല്ല.

വാടക രജിസ്‌ട്രേഷൻ വർദ്ധിക്കുന്നു

1. ടൂറിസ്റ്റ് ടാക്സി രജിസ്‌ട്രേഷൻ കുറഞ്ഞെങ്കിലും റെന്റ് എ കാർ രജിസ്‌ട്രേഷൻ വർദ്ധിച്ചു

2. വാടക കാർ രജിസ്ട്രേഷന് ടാക്സിയെ അപേക്ഷിച്ച് റോഡ് നികുതി കുറവ്

3. വാഹനം വാടകയ്ക്ക് നൽകുമ്പോൾ ഡ്രൈവർ ആവശ്യമില്ല

4. വരുമാനത്തിൽ ലാഭം

5. വാടക വാഹനങ്ങൾക്ക് കറുത്ത പ്രതലത്തിൽ മഞ്ഞ അക്കത്തിലുള്ള നമ്പർ പ്ളേറ്റ്

6. വാടക വാഹനങ്ങൾ കൂടുതൽ എറണാകുളം ജില്ലയിൽ

ഈ വർഷം ജില്ലയിൽ

രജിസ്റ്റർ ചെയ്ത വാഹനങ്ങൾ - 48,430

പെർമിറ്റ് എടുത്തവ - 7066 (ബസ്, ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങൾ)

സ്വകാര്യ വാഹനങ്ങൾ - 41364

യാത്രക്കാർ ടാക്സിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറഞ്ഞു. ടാക്സി സർവീസ് നടത്തുന്നതിനേക്കാൾ ലാഭം വാഹനം വാടകയ്ക്ക് നൽകുന്നതാണ്. യാത്രക്കാർക്കും വാഹനം വാടകയ്ക്കെടുത്ത് സഞ്ചരിക്കുന്നതിനോടാണ് താത്പര്യം.

സുനിൽകുമാർ, മുൻ ടാക്സി ഡ്രൈവർ, റെന്റ് എ കാർ ഉടമ