
ചവറ: എൻജിൻ തകരാറിനെ തുടർന്ന് കടലിൽ നങ്കൂരമിട്ടിരുന്ന ടഗ് ശക്തമായ കാറ്റിലും തിരയിലും പെട്ട് കടൽഭിത്തിയിൽ ഇടിച്ചുകയറി.ടഗിലുണ്ടായിരുന്ന ആറുപേരെ നിസാര പരിക്കുകളോടെ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം.ആഡ്രാപ്രദേശ് സ്വദേശികളായ മണികണ്ഠൻ (21),ബാൽകൃഷ്ണൻ (27),ഒഡീഷ സ്വദേശികളായ രാജൻ കുമാർ പകൽ (28),പ്രകാശ് പ്രധൻ (27),വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുഹബ് മെൻഡൻ (27),ബീഹാർ സ്വദേശി പ്രദീപ് (24) എന്നിവർക്കാണ് നിസാര പരിക്കേറ്റത്.വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവൃത്തികൾക്കെത്തിയ ഗുജറാത്ത് സ്വദേശി വിനയ് വർമ്മയുടെ ഉടമസ്ഥതയിലുള്ള എം.ടി സാവിത്രി എന്ന ടഗാണ് അപകടത്തിൽപ്പെട്ടത്.ഇരട്ട എൻജിനുള്ള ടഗിന്റെ ഒരു എൻജിൻ തകരാറിലായതിനെ തുടർന്ന് പരിഹരിക്കാൻ കൊച്ചിയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി മാരാരിക്കുളത്തിന് സമീപത്ത് വച്ച് രണ്ടാമത്തെ എൻജിനും തകരാറിലായി.തുടർന്ന് കൊച്ചിയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് അരവിള സ്വദേശിയുടെ മത്സ്യബന്ധന ബോട്ടിന്റെ സഹായത്തോടെ നീണ്ടകരയിലേക്ക് തിരികെ വരികയായിരുന്നു.
തുറമുഖ വകുപ്പിന്റെ ക്ലിയറൻസ് നൽകി വിട്ടതിനാൽ തിരികെ കയറുന്നതിന് അനുമതി ആവശ്യപ്പെട്ട് ടഗ് ജീവനക്കാർ പോർട്ടിൽ ബന്ധപ്പെട്ടു.മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ അനുമതി ലഭ്യമാകുന്നത് വരെ കടലിൽ നങ്കൂരമിട്ട് കാത്തിരിക്കാമെന്നും അറിയിച്ചു.എന്നാൽ പുലർച്ചയോടെ വീശിയ ശക്തമായ കാറ്റിലും തിരയിലും പെട്ട് നങ്കൂരം പൊട്ടി ഫൗണ്ടേഷൻ ആശുപത്രിക്ക് പിന്നിലെ കടൽഭിത്തിയിൽ വന്നിടിക്കുകയായിരുന്നു.ആശുപത്രി അധികൃതരും ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനിലും ചേർന്നാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.