kallu

കൊല്ലം: യാത്രക്കാർക്കും വ്യാപാരികൾക്കും നിരന്തരം ദുരിതങ്ങൾ മാത്രം നൽകിയ കല്ലുപാലത്തിന്റെ നിർമ്മാണം വീണ്ടും സജീവമായി. മാസങ്ങളായി മുടങ്ങിക്കിടന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. നിർമ്മാണത്തിൽ തുടർച്ചയായി വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കി റീടെണ്ടർ ചെയ്താണ് ജോലികൾ പുനരാരംഭിച്ചത്. പാലത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായെങ്കിലും സംരക്ഷണ ഭിത്തി നിർമ്മാണം മുടങ്ങിക്കിടക്കുകയായിരുന്നു.

സംരക്ഷണ ഭിത്തി, ഇരുവശത്തും 100 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് എന്നിവ ഉൾപ്പെടെ 1.72 കോടി രൂപയ്ക്കാണ് വീണ്ടും കരാർ നൽകിയിട്ടുള്ളത്. 10.5 മീറ്റർ ആഴത്തിൽ ഒരുക്കുന്ന അടിസ്ഥാനത്തിലാണ് സംരക്ഷണ ഭിത്തി കെട്ടിപ്പൊക്കുന്നത്. നിലവിലെ റോഡിനേക്കാൾ ഉയർത്തിയാണ് പുതിയത് നിർമ്മിക്കുന്നത്. ലക്ഷ്മി നട ഭാഗത്ത് മൂന്നടിയും ചാമക്കട മാർക്കറ്റ് ഭാഗത്ത് ഒരു അടിയും റോഡ് ഉയർത്തും. ജോലികൾ ആരംഭിക്കുന്നതിന്റെ മുമ്പായി സംസ്ഥാന ധന വകുപ്പിലെ ഉദ്യോഗസ്ഥർ പാലം സന്ദർശിച്ച് തുടർ ജോലികൾ വിലയിരുത്തിയിരുന്നു.

തുടക്കം 2019ൽ

കൊല്ലംതോട് നവീകരണത്തിന്റെ ഭാഗമായി 2019ലാണ് കല്ലുപാലം പൊളിച്ച് പുതിയതിന്റെ നിർമ്മാണം ആരംഭിച്ചത്. പാലം പൊളിച്ചെങ്കിലും നിർമ്മാണം അനിശ്ചിതമായി നീണ്ടത് വ്യാപാരികളെയം നാട്ടുകാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ ഭാഗത്തുണ്ടായിരുന്ന നിരവധി വ്യാപാര സ്ഥാപനങ്ങൾ കച്ചവടം നടക്കാതെ അടച്ചുപൂട്ടി. 5.25 കോടിക്ക് കരാറെടുത്ത ജോലികൾ അനന്തമായി നീണ്ടപ്പോഴാണ് കരാറുകാരനെ ഒഴിവാക്കിയത്. ജോലികൾ പുരാരംഭിച്ചെങ്കിലും വീണ്ടും അനന്തമായി നീളുമോയെന്ന ആശങ്ക നാട്ടുകാർക്ക് ഇല്ലാതില്ല.

തോടിലും തുടക്കം

ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം തോടിന്റെ മുടങ്ങിക്കിടന്ന മൂന്നാം റീച്ചിന്റെ നിർമ്മാണ ജോലികളും ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്. കച്ചിക്കടവ്‌ മുതൽ ജലകേളി കേന്ദ്രം വരെ 1.8 കിലോമീറ്റർ വരുന്ന റീച്ചിൽ സംരക്ഷണഭിത്തി നിർമ്മാണം കൂടാതെ ചെളിവാരൽ കൂടി കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി ആസ്ഥാനമായ ടി.വി.കെ കൺസ്‌ട്രക്ഷനാണ് മൂന്നര കോടി രൂപക്ക് ജോലികൾ കരാറെടുത്തിരിക്കുന്നത്.