sndp

കൊല്ലം: ജാതി പറയുന്നത് അപമാനമായല്ല, അഭിമാനമായി കാണണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നീരാവിൽ എസ്.എൻ.ഡി.പി യോഗം എച്ച്.എസ്.എസിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതിനൊപ്പം സ്കൂൾ സ്ഥാപകനായ കൊച്ചുവരമ്പേൽ കേശവൻ മുതലാളിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

ജാതിയുടെ പേരിൽ പലരും മാറ്റിനിറുത്തപ്പെടുന്നു. ജാതിയുടെ പേരിൽ അനർഹമായ ആനൂകൂല്യങ്ങൾ പലർക്കും നൽകുന്നു. ഇതെല്ലാം നിലനിൽക്കുന്ന കാലത്ത് ഈഴവർ മാത്രം ജാതി പറയരുതെന്ന് കല്പിക്കപ്പെടുന്നു. ഈഴവരുടെ ഭൗതികവും വിദ്യാഭ്യാസപരവും വ്യവസായികവും ആത്മീയവുമായ വളർച്ചയ്ക്ക് വേണ്ടിയാണ് എസ്.എൻ.ഡി.പി യോഗം രൂപീകരിച്ചത്. അത് യോഗത്തിന്റെ ലൈസൻസിൽ തന്നെ പറയുന്നുണ്ട്. ആ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരിക്കുന്ന താൻ എങ്ങനെ ജാതി പറയാതിരിക്കും. അത് പറയുമ്പോൾ തന്നെ ജാതിഭ്രാന്തനെന്ന് വിളിക്കും. എത്ര ആക്രമിച്ചാലും തന്റെ നിലപാടിൽ മാറ്റം വരുത്തില്ല.

ജാതിയുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പുവിന്റെ സ്വകാര്യ ദുഃഖത്തിൽ നിന്നാണ് എസ്.എൻ.ഡി.പി യോഗം പിറന്നത്. അതേസമയം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകണം. പതിറ്റാണ്ടുകൾ മുമ്പ് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഈ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തനിക്ക് നേരേ ആക്രമണം ഉണ്ടായി. മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടന്നു. പക്ഷെ, നിലപാടിൽ മാറ്റമുണ്ടായില്ല. അവിടത്തെ അനാചാരങ്ങൾ മാറ്റി. കാണിക്കയായി എത്തുന്ന സമ്പത്ത് മുഴുവൻ പാവങ്ങൾക്ക് കൊടുക്കുകയാണ് ഇപ്പോൾ.

എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷനായി. ശില്പി അജി.എസ്.ധരൻ രൂപകല്പന ചെയ്ത ശില്പവും പൊന്നാടയും അടങ്ങിയ കൊച്ചുവരമ്പേൽ കേശവൻ മുതലാളി സ്മാരക സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പി വെള്ളാപ്പള്ളി നടേശന് സമ്മാനിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായി.

ലഹരിക്കെതിരെ കൂട്ടായ

പ്രവർത്തനം വേണം

ലഹരിക്കെതിരെ കൂട്ടായ പ്രവർത്തനം വേണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോടാനുകോടിയുടെ ലഹരി പദാർത്ഥങ്ങളാണ് പുറത്തുനിന്ന് രാജ്യത്തേക്ക് വരുന്നത്. ഇതിൽ വലിയൊരു ഭാഗം കേരളത്തിലേക്കും എത്തുന്നു. ഇത് പുതുതലമുറയെ തകർക്കുകയാണ്. ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ഭരണകൂടവും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.