കൊല്ലം: അനധികൃതമായി പുരയിടത്തിലെ തെങ്ങിൽ നിന്നും തേങ്ങ അടർത്തിയത് ചോദ്യം ചെയ്തതിന് യുവതിയേയും ഭർത്താവിനേയും പങ്കായം കൊണ്ട് ആക്രമിച്ച പ്രതികൾ പൊലീസ് പിടിയിലായി. കോയിവിള ബിനു ഭവനിൽ കുട്ടപ്പായി എന്ന അനിൽ ആൻഡ്രൂസ്, തേവലക്കര കോയിവിള പുന്നപ്പുഴ ചരുവിൽ റാൽഫിൻ എന്നിവരെയാണ് ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച തേവലക്കര കോയിവിള ആറാട്ട്കടവ് വീട്ടിൽ ഷെറിന്റെ ബന്ധുവിന്റെ പുരയിടത്തിൽ നിന്നും പ്രതികൾ തേങ്ങ അടത്തിയത് ഷെറിനും ഭർത്താവും ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതരായ പ്രതികൾ പങ്കായവുമായി വീട്ടിൽ അതിക്രമിച്ച് കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ 11 ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് അറസ്റ്റിലായ അനിൽ ആൻഡ്രൂസ്. രണ്ടാം പ്രതി റാൽഫിനെതിരെ പോക്‌സോ കേസും നിലവിലുണ്ട്. ഇൻസ്‌പെക്ടർ ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌. ഐമാരായ ഷാജി ഗണേശൻ, ശങ്കരനാരായണൻ, എ.എസ്.ഐ ജയകൃഷ്ണൻ, സി.പി.ഒ സലാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.