
കൊല്ലം: ഉച്ചഭക്ഷണ പദ്ധതിക്കുള്ള പണം ലഭിക്കാതെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ കടക്കെണിയിൽ. ജൂൺ, ജൂലായ് മാസങ്ങളിലെ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ചെലവായ 50000 മുതൽ നാലുലക്ഷം രൂപ വരെയാണ് പല സ്കൂളുകൾക്കും കിട്ടാനുള്ളത്.
പബ്ലിക് മാനേജ്മെന്റ് ഫിനാൻസ് സിസ്റ്റം എന്ന സോഫ്‌ട്‌വെയർ വഴിയാണ് ഉച്ചഭക്ഷണ പദ്ധതിയുടെ പണം വിതരണം ചെയ്യുന്നത്. പദ്ധതി ചെക്കറായ ഹെഡ്മാസ്റ്ററും മേക്കറുടെ ചുമതലയുള്ള ടീച്ചറും ചേർന്നാണ് ഓരോ മാസത്തെയും ബില്ല് സോഫ്ട്‌വെയറിൽ അപ്‌ലോഡ് ചെയ്യുന്നത്. സാധനങ്ങൾ വാങ്ങുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് സോഫ്ട്‌വെയറിൽ നിന്ന് പണം പോകുന്നത്. ഒരുമാസത്തെ തുക കുടിശികയായപ്പോൾ തന്നെ പല പലചരക്ക് വ്യാപാരികളും സ്കൂളുകൾക്ക് സാധനങ്ങൾ നൽകാതെയായി. ഇവിടങ്ങളിൽ ഹെഡ്മാസ്റ്റർ സ്വന്തം കൈയിൽ നിന്ന് പണം നൽകിയാണ് ഇപ്പോൾ സാധനങ്ങൾ വാങ്ങുന്നത്. ഈ തുക തിരിച്ചുകിട്ടുമെന്ന കാര്യത്തിലും ഹെഡ്മാസ്റ്റർമാർക്ക് ഉറപ്പില്ല. ഗ്യാസ് ഏജൻസി, പാൽ സൊസൈറ്റി എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്റർമാർ സ്വന്തം കീശയിൽ നിന്ന് നൽകിയ പണം നഷ്ടമാകുന്ന അവസ്ഥയാണ്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി
60 ശതമാനം തുക നൽകുന്നത് കേന്ദ്ര സർക്കാർ
40 ശതമാനം സംസ്ഥാന വിഹിതം
കേന്ദ്രവിഹിതം ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം
ജൂൺ, ജൂലായ് മാസം വിതരണം ചെയ്തത് സംസ്ഥാന വിഹിതം
വിദ്യാഭ്യാസ മന്ത്രി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി
പി.ടി.എയുടെ അക്കൗണ്ടുകൾ കാലിയായി
ഹെഡ്മാസ്റ്ററും അദ്ധ്യാപകരും കൈയൊഴിഞ്ഞാൽ പദ്ധതി മുടങ്ങും
പാചക തൊഴിലാളികൾക്കും വേതനമില്ല
രണ്ടുമാസമായി സ്കൂളുകളിലെ പാചക തൊഴിലാളികൾക്കും ശമ്പളം ലഭിക്കുന്നില്ല. അഞ്ഞൂറ് രൂപയാണ് ദിവസക്കൂലി. ഒറ്റയ്ക്ക് തയ്യാറാക്കാൻ പറ്റാത്തതിനാൽ കിട്ടുന്ന 500 രൂപയിൽ നിന്ന് പകുതി നൽകി ഒരാളെക്കൂടി ഒപ്പം കൂട്ടിയാണ് പലരും കൃത്യസമയത്ത് പാചകം പൂർത്തിയാക്കുന്നത്. 1600ന് മുകളിൽ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുന്ന സ്കൂളുകളിലാണ് രണ്ടുപേരുള്ളത്.