bull

കൊല്ലം: മാട്ടുപ്പെട്ടി ഇന്തോ സ്വിസ് പ്രോജക്ടിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ സ്വിറ്റ്സർലന്റ് സംഘം കുളത്തൂപ്പുഴയിലെ ബുൾ സ്റ്റേഷൻ സന്ദർശിച്ചു.

പ്രോജക്ട് മുൻ മേധാവിയായിരുന്ന പ്രൊഫ. ഫ്രീറ്റ്സ് നൈഡർ, ഫെലിസിറ്റാ സ്നൈഡർ, പത്രപ്രവർത്തകയായ സിൽവിയ ലൈബൻഗട്ട് എന്നിവരുൾപ്പെട്ട സംഘമാണ് എത്തിയത്. കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്ടറായിരുന്ന ഡോ. സി.ടി.ചാക്കോ,​ മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ എന്നിവർ സംഘത്തെ അനുഗമിച്ചു.

1963 സെപ്തംബർ 23 നാണ് മാട്ടുപ്പെട്ടിയിൽ ഇന്തോ സ്വിസ് പ്രോജക്ട് ആരംഭിച്ചത്.
വിദേശത്ത് നിന്ന് മേൽത്തരം വിത്തുകാളകളെ കൊണ്ടുവന്നും ഗാഢ ശീതീകരണ ബീജ മാത്രകൾ ഉത്പാദിപ്പിച്ചും നാടൻ പശുക്കളിൽ കൃത്രിമ ബീജാധാനം നടത്തി പാലുത്പാദനം ഏഴ് മടങ്ങായി വർദ്ധിപ്പിച്ചു.

പ്രോജക്ടിന്റെ ഭാഗമായി കുളത്തൂപ്പുഴയിൽ 1975 ലാണ് ഫാം സ്ഥാപിച്ചത്. 2015ൽ ഹൈടെക് ഫാം ആരംഭിച്ചു. വിവിധയിനം തീറ്റപ്പുല്ലുകളും ഫാമിൽ കൃഷി ചെയ്യുന്നുണ്ട്. ബുൾ സ്റ്റേഷൻ, ഹൈടെക് ഫാം, മിൽക്ക് പാർലറുകൾ, ബീജ ബാങ്കുകൾ, ഫോഡർ സ്റ്റേഷനുകൾ എന്നിവ സംഘം സന്ദർശിച്ചു.