
കൊല്ലം: വാഹനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ജനൽ ഗ്ളാസുകളിൽ പതിച്ചിരുന്ന സൺകൺട്രോൾ ഫിലിമിന് നിയന്ത്രണം വന്നതോടെ സംസ്ഥാനത്ത് ജോലി നഷ്ടമായത് ആയിരത്തോളം യുവാക്കൾക്ക്.
ജില്ലയിൽ മാത്രം അടച്ചുപൂട്ടിയത് നൂറോളം സ്ഥാപനങ്ങളാണ്. പുതുതായി ഇറങ്ങുന്ന കാറുകളിൽ എ.സി ക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉള്ളിലെ ചൂട് കുറയ്ക്കുന്നതിനും സൺഫിലിം പതിക്കുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടികളടക്കം നിരവധിപ്പേർ ജോലിയെടുത്തിരുന്നു. സംസ്ഥാനത്ത് പുതുതായിറങ്ങുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സൺഫിലിം വാഹനഡീലർമാർ പതിച്ച് നൽകുകയും ചെയ്തിരുന്നു.
നിയന്ത്രണം വന്നതോടെ ജില്ലയിൽ സൺഫിലിം ഡീലർമാരിലധികവും സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയോ മറ്റ് മേഖലകളിലേക്ക് തിരിയുകയോ ചെയ്തിട്ടുണ്ട്. സമീപജില്ലകളിലേക്കടക്കം സൺഫിലിം എത്തിച്ചുനൽകിയിരുന്ന കൊല്ലത്തെ പ്രമുഖവ്യാപാരി ഇപ്പോൾ വിവാഹക്ഷണക്കത്തുകളുടെ വിൽപ്പനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
നിരോധനവഴി
സൺ ഫിലിം പതിച്ച വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി വിലയിരുത്തിയതിനെ തുടർന്ന് 2012 മേയ് 19ന് സുപ്രീംകോടതിയാണ് സൺഫിലിം ഉപയോഗിക്കുന്നത് വിലക്കിയത്.
ഡൽഹിയിൽ ബസിനുള്ളിൽ പെൺകുട്ടിയെ അഞ്ചോളം പേർ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ കാരണങ്ങളിലൊന്ന് സൺഫിലിമിന്റെ മറവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. നിരോധനത്തെ തുടർന്ന് 150കോടിയാണ് രാജ്യത്തെ വ്യാപാരമേഖലയിൽ നഷ്ടമായതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
നഷ്ടമായ തൊഴിൽ സാഹചര്യങ്ങൾ
വാഹനങ്ങളുടെ ഗ്രാഫിക് സ്റ്റിക്കർ ജോലികൾ
ഓട്ടോറിക്ഷ, ടാക്സി സർവീസുകളുടെ ഫിലിം വർക്കുകൾ
ഓഫീസ്, വ്യാപാര സ്ഥാപനങ്ങളിൽ സൺഫിലിം പതിപ്പിക്കൽ
വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് നിർമ്മാണവും സ്ഥാപിക്കലും
പ്രതിദിനം ലക്ഷങ്ങളുടെ ബിസിനസും തൊഴിലും നൽകിയിരുന്ന മേഖലയാണ് സൺഫിലിം, ഗ്രാഫിക് സ്റ്റിക്കർ ജോലികൾ. സ്വയംതൊഴിലെന്ന നിലയിൽ മേഖലയിലെത്തിയ നിരവധി യുവാക്കൾക്ക് സാമ്പത്തിക നഷ്ടം നേരിട്ടു.
മുൻ സൺഫിലിം വ്യാപാരി