
കൊല്ലം: ഇരുട്ടറകളിൽ ബന്ധിക്കപ്പെടാനുള്ളതല്ല ജീവിതമെന്ന് സാക്ഷ്യപ്പെടുത്തി 'ചിറകുള്ള ചക്കി' പറക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ കണ്ട 'ചിറകുള്ള ചക്കി' എന്ന സംഗീത ശില്പത്തിലെ നായികയാണ് ചക്കി എന്ന ശ്രീലക്ഷ്മി.
ഓട്ടിസം ബാധിതർക്കായി മജീഷ്യൻ മുതുകാട് സംഘടിപ്പിച്ച മാജിക് പ്ലാനറ്റ് ഡിഫറന്റ് ആർട്ട് സെന്ററിലെ പ്രധാന കലാകാരികളിൽ ഒരാളാണ് ശ്രീലക്ഷ്മി.
മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രകാശനം നിർവഹിച്ചു.
ഭാവങ്ങൾ ചോരാതെയും അതിഭാവുകത്വം കലരാതെയുമുള്ള ചക്കിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ഭിന്നശേഷിക്കാരായ മക്കളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ വിമുഖത കാട്ടുന്ന രക്ഷിതാക്കൾക്കുള്ള സന്ദേശമാണ് ചക്കിയെ നായികയാക്കിയതിലൂടെ അണിയറ പ്രവർത്തകർ നൽകുന്നത്.
സംഗീത സംവിധാനം നിർവഹിച്ച മുൻ സൈനിക ഉദ്യോഗസ്ഥനും മാജിക് പ്ലാനറ്റിന്റെ മാനേജരുമായ ബിജുരാജ് സുരേന്ദ്രനാണ് ആശയത്തിന് പിന്നിൽ. കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ ബിജുരാജ് ഇന്റർ നാഷണൽ ചെസ് ആർബിട്രേറ്ററുമാണ്.
സജീവ തൊഴിലാളി സംഘടനാ പ്രവർത്തകനായ എഴുകോൺ സന്തോഷിന്റേതാണ് വരികൾ. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും ഷോപ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സന്തോഷ് രാഷ്ട്രീയക്കാരിലെ കവി എന്ന നിലയിൽ ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തെന്മല സ്വദേശി രജനി പ്രസാദ് എന്ന ഗായികയും ആൽബത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ആർ.ജെയായ പ്രിൻസ് സംവിധാനം ചെയ്ത ആൽബത്തിൽ അഞ്ചൽ വേണു, കോട്ടാത്തല ശ്രീകുമാർ, ടി.ശിഹാബുദീൻ, ശ്രീദേവി ശിവൻ, അനിൽകുമാർ, മീര വിജയൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഗോപിനാഥ് മുതുകാടിന്റെ ഫേസ് ബുക്ക് പേജിലും യു ട്യൂബിലും ചിറകുള്ള ചക്കി റിലീസ് ചെയ്തു.